വിസ നിയന്ത്രണങ്ങൾക്ക് പിന്നാലെ ഇന്ത്യാ വിരുദ്ധ പരസ്യവുമായി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ പരസ്യമായ ഇന്ത്യാ വിരുദ്ധ പ്രചാരണവുമായി ട്രംപ് ഭരണകൂടം. അമേരിക്കൻ യുവാക്കളുടെ തൊഴിൽ അവസരങ്ങൾ ഏറ്റവും അധികം തട്ടിയെടുക്കുന്നത് ഇന്ത്യക്കാരാണെന്ന് പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുമായി യുഎസ് ലേബർ ഡിപാർട്മെന്റ് നേരിട്ട് രംഗത്തെത്തി.
വിദേശികളെ നിയന്ത്രിക്കുന്നതിന് സെപ്തംബറിൽ ഭരണകൂടം ആരംഭിച്ച പ്രൊജക്റ്റ് ഫയർവാൾ പദ്ധതി വിദ്വേഷ ഘട്ടത്തിലേക്ക് നേരിട്ട് കടക്കുന്ന സാഹചര്യമാണ്. വിദേശ ജീവനക്കാരെ അമേരിക്കൻ തൊഴിലാളികൾക്ക് പകരം നിയമിക്കുന്നത് തടയുന്നത് ലക്ഷ്യം വെക്കുന്ന പദ്ധതിയുടെ ഭാഗമെന്ന പേരിലായിരുന്നു വിസ നിയന്ത്രണങ്ങളുടെ തുടക്കം.
എച്ച്1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളർ ആക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇത്തരം വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിനുള്ള അവസരവും നിഷേധിച്ചു. ഇപ്പോൾ പരസ്യ പ്രചാരണവും ആരംഭിച്ചിരിക്കുന്നു. പരസ്യത്തിലെ പ്രയോഗങ്ങളും ചിത്രീകരണവും ആക്ഷേപങ്ങൾക്ക് കാരണമായി.
കുറഞ്ഞ ശമ്പളത്തിൽ ടെക്, എഞ്ചിനീയറിങ് തസ്തികകളിൽ വിദേശ പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ട് അമേരിക്കൻ തൊഴിലാളികളെ ഒഴിവാക്കുന്നതിൽ നിന്ന് കോർപ്പറേറ്റുകളെ തടയുകയാണ് എന്നാണ് അവകാശ വാദം.
എച്ച്-1ബി വിസയുടെ വ്യാപകമായ ദുരുപയോഗം കാരണം വിദേശ തൊഴിലാളികൾ ജോലികൾ കയ്യടക്കിയതിനാൽ യുവ അമേരിക്കക്കാർക്ക് ‘അമേരിക്കൻ സ്വപ്നം’ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചുക്കൊണ്ടാണ് പദ്ധതിയുടെ പരസ്യ വീഡിയോ. എച്ച്-1ബി വിസ സംവിധാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരാണെന്നും വിസ അംഗീകാരങ്ങളിൽ 72 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത് എന്നും പരസ്യം അവകാശപ്പെടുന്നു.
'തലമുറകളായി, ഞങ്ങൾ അമേരിക്കക്കാരോട് പറഞ്ഞിരുന്നത്, അവർ കഠിനാധ്വാനം ചെയ്താൽ അമേരിക്കൻ സ്വപ്നം നേടാൻ കഴിയുമെന്നാണ്. എന്നാൽ പല യുവ അമേരിക്കക്കാരിൽ നിന്നും ഈ സ്വപ്നം തട്ടിയെടുക്കപ്പെട്ടു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കമ്പനികളെ എച്ച്-1ബി വിസ ദുരുപയോഗം ചെയ്യാൻ അനുവദിച്ചതിനാൽ അമേരിക്കൻ ജനതയുടെ ജോലികൾ വിദേശ തൊഴിലാളികൾ കൈയടക്കി. എന്നാൽ ഇപ്പോൾ, അമേരിക്കൻ പ്രസിഡന്റ് ട്രംപ് യുവ അമേരിക്കക്കാർക്ക് ഒരു പുതിയ അവസരം നൽകുന്നു” എന്നാണ് പരസ്യം പറയുന്നത്. വിദ്വേഷവും വിടവും വർധിപ്പിച്ചാണ് ട്രംപിനായുളള പ്രചാരണം.
Related News
നിയമന പ്രക്രിയയിൽ അമേരിക്കക്കാർക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കി, അമേരിക്കൻ ജനതയ്ക്കായി അമേരിക്കൻ സ്വപ്നം തിരിച്ചുപിടിക്കുകയാണ് ചെയ്യുന്നത് എന്നാണ് ലേബർ ഡിപാർട്മെന്റിന്റെ അവകാശം.
ശമ്പള ഇനത്തിൽ കുറവ് വരുത്തുന്നതിനോ അമേരിക്കൻ ജീവനക്കാരെ ഒഴിവാക്കുന്നതിനോ എച്ച്-1ബി വിസകൾ പ്രയോജനപ്പെടുത്തുന്നു എന്ന പേരിൽ പല ബഹുരാഷ്ട്ര കമ്പനികൾക്ക് എതിരെയും നടപടി തുടങ്ങി.









0 comments