print edition ദിത്വ ചുഴലിക്കാറ്റ്: പ്രളയക്കെടുതിയിൽ ശ്രീലങ്ക

Photo AFP
കൊളംബോ: ദിത്വ ചുഴലിക്കാറ്റ് വിതച്ച കനത്ത മഴയിലും കാറ്റിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ കനത്ത നാശം. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 153 ആയി. 191 പേരെ കാണാതായി. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി ശ്രലങ്കൻ ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് രാജ്യത്തെയാകെ പിടിച്ചുകുലുക്കിയതോടെ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്‌ട്രീയ പാർടികളുടെ സർവകക്ഷി യോഗത്തിനുശേഷമാണ് തീരുമാനം.
നദികൾ കരകവിഞ്ഞൊഴുകിയതോടെ ശ്രീലങ്കയിലെ 25 ജില്ലകളിൽ ഇരുപതിലും ജനജീവിതം നിശ്ചലമായി. രണ്ട് ലക്ഷത്തോളം പേരാണ് ദുരിതമനുഭവിക്കുന്നത്. മൊറാഗഹകണ്ട, എലഹേര, കുമാര എല്ല എന്നീ മൂന്ന് പാലങ്ങൾ ഒലിച്ചുപോയി. പ്രധാന ഗതാഗത മാർഗങ്ങൾ തകർന്നതിനാൽ ദുരന്തബാധിത പ്രദേശങ്ങളിലെത്താൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പേമാരിയിൽ 15,000 വീടുകൾ തകർന്നു. 78,000 പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി.
വൈദ്യുത തകരാറിനെത്തുടർന്ന് രണ്ട് പ്രധാന ജലവൈദ്യുത നിലയങ്ങളായ കോട്മലെ, റാന്തംബെ എന്നിവ അടച്ചുപൂട്ടിയതായി സിലോൺ വൈദ്യുതി ബോർഡ് ജനറൽ മാനേജർ ഷേർലി കുമാര പറഞ്ഞു. കെലാനി ഗംഗ കരകവിഞ്ഞതോടെ കൊളംബോയും പ്രളയഭീതിയിലാണ്. ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും മറ്റ് സ്ഥലങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു.
ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ എല്ലാ സഹായവും നൽകുമെന്ന് ചൈന അറിയിച്ചു. 20 ലക്ഷം ഡോളറിന്റെ സഹായം നൽകുമെന്ന് ശ്രീലങ്കയിലെ യുഎസ് സ്ഥാനപതി അറിയിച്ചു.
സഹായഹസ്‌തവുമായി ഓപ്പറേഷൻ സാഗർ ബന്ധു
ദിത്വ ചുഴലിക്കാറ്റ് നാശം വിതച്ചതോടെ ദുരിതത്തിലായ ശ്രീലങ്കയ്‌ക്ക് സഹായവുമായി ഇന്ത്യയുടെ ‘ഓപ്പറേഷൻ സാഗർ ബന്ധു.' വ്യോമസേനയുടെ സി-130 എയർക്രാഫ്‌റ്റിൽ അവശ്യഭക്ഷ്യവസ്‌തുക്കളും മരുന്നും എത്തിച്ചു. ഐഎൽ-76 എന്ന വിമാനവും സഹായവുമായി ശ്രീലങ്കയിൽ എത്തിയിട്ടുണ്ട്. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ഉദയ്ഗിരിയും വഴി രക്ഷാപ്രവർത്തനത്തിനായി ശ്രീലങ്കയിൽ ക്യാന്പ് ചെയ്യുകയാണ്.










0 comments