"അഴുകിയ മാംസത്തിന്റെ ഗന്ധം" 10 വർഷങ്ങൾക്കുശേഷം സിഡ്‌നിയിൽ വിരിഞ്ഞ് ശവപുഷ്പം

photo credit: X
സിഡ്‌നി: പൂക്കളിലെ റാണിയായ റോസിന്റെയും സുഗന്ധ രാജാക്കൻമാരായ മുല്ലപ്പൂവിന്റെയും ചെമ്പകത്തിന്റെയും ഫാൻസല്ലേ നമ്മൾ. സുഗന്ധത്തിന്റെ പേരിലാണ് നാം അധികം പൂക്കളെയും ഓർമിക്കാറുള്ളത്. പാലപ്പൂവും ഇലഞ്ഞിപ്പൂവും പാരിജാതവുമെല്ലാം അങ്ങനെ സുഗന്ധത്തിലൂടെയാണ് നമ്മുടെ ഇഷ്ടങ്ങളിലേക്ക് കടന്നു വന്നത്. അത്തരത്തിൽ മണത്തിന്റെ പേരിൽ ഓർമിക്കുന്ന ഒരു പൂവുണ്ട്. ദുർഗന്ധംകൊണ്ട് ആളുകളെ ആകർഷിക്കുന്ന, ചത്ത എലിയുടെ മണമുള്ള ഒരു പൂവ്. അത്തരം ഒരു പൂവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. അമോഫോഫല്ലസ് ടൈറ്റാനിയം എന്ന് ശാസ്ത്രീയ നാമമുള്ള ടൈറ്റൻ അറം എന്നാണ് ആ പൂവിന്റെ പേര്. 40 വർഷത്തെ ആയുസിനുള്ളിൽ ഇതു 3-4 തവണമാത്രമേ പൂക്കുകയുള്ളു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വാടുകയും ചെയ്യും. ശവപുഷ്പം എന്ന വിളിപ്പേരുകൂടി ഇതിനുണ്ട്.
ശവപുഷ്പത്തിനു മുന്നിൽ സെൽഫി എടുക്കുന്നു
പത്തു വർഷങ്ങൾക്കുശേഷം സിഡ്‌നിയിലാണ് ശവപുഷ്പം വിരിഞ്ഞിരിക്കുന്നത്. അഴുകിയ മാംസത്തിന്റെ ഗന്ധം പുറപ്പെടുവിക്കുന്ന ഈ പൂവ് കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്. നഗരത്തിലെ റോയൽ ബൊട്ടാണിക് ഗാർഡനിൽ കഴിഞ്ഞ ആഴ്‌ചയാണ് ഈ പൂവ് വിരിഞ്ഞത്. ഇന്തോനേഷ്യയിൽ ബംഗ ബങ്കായി എന്നാണ് ശവപുഷ്പം അറിയപ്പെടുന്നത്. അവിടെ ഇത് കാട്ടിലാണ് കാണപ്പെടുന്നത്. 2010 നുശേഷം ആദ്യമായാണ് സിഡ്‌നിയിൽ ശവപുഷ്‌പം പൂക്കുന്നത്.










0 comments