ad
Deshabhimani

ഗാസയുടെ ശബ്ദത്തിന് വെനീസില്‍ പുരസ്കാരം ; സിൽവർ ലയൺ 
പുരസ്കാരം നേടി ‘വോയ്‌സ്‌ ഓഫ്‌ ഹിന്ദ്‌ റജബ്’

the voice of hind rajab

ഗാസയിൽ കൊല്ലപ്പെട്ട ഹിന്ദ്‌ റജബ്‌

വെബ് ഡെസ്ക്

Published on Sep 08, 2025, 04:00 AM | 1 min read


വെനീസ്‌

ഗാസയിൽ ഇസ്രയേൽ കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കഥ പറയുന്ന ‘ദി വോയ്‌സ്‌ ഓഫ്‌ ഹിന്ദ്‌ റജബി’ന്‌ 82–ാം വെനീസ്‌ ചലിച്ചിത്രമേളയിൽ സിൽവർ ലയൺ പുരസ്കാരം. ഇസ്രയേൽ ക്രൂരതയിൽനിന്ന്‌ രക്ഷപ്പെടാൻ കുടുംബത്തോടൊപ്പം പലായനം ചെയ്യവെ കൊല്ലപ്പട്ട കുട്ടിയുടെ അന്തിമനിമിഷങ്ങൾ ആസ്പദമാക്കിയാണ്‌ ഫ്രഞ്ച്‌– ടുണീഷ്യൻ സംവിധായിക കഹൂത്തർ ബെൻ ഹനിയ ചിത്രം ഒരുക്കിയത്‌. ചിത്രം പ്രദർശിപ്പിച്ചപ്പോൾ കാണികൾ 23 മിനിട്ടോളം എഴുന്നേറ്റുനിന്ന്‌ കൈയടിച്ചു. സ്വതന്ത്ര പലസ്തീൻ മുദ്രാവാക്യവും മുഴക്കി.


ഹിന്ദ്‌ റജബ്‌ എന്ന കുട്ടിയുടെ ജീവിതത്തിലൂടെ പലസ്തീൻ ജനതയുടെയാകെ കഥയാണ്‌ താൻ പറഞ്ഞതെന്നും പുരസ്കാരം അപ്രതീക്ഷിതമായ അംഗീകാരമായെന്നും സംവിധായിക പ്രതികരിച്ചു. 2024 ജനുവരി 29ന്‌ ഗാസ നഗരത്തിൽനിന്ന്‌ കുടുംബത്തോടൊപ്പം പലായനം ചെയ്യവെയാണ്‌ ഹിന്ദ്‌ റജബ്‌ സഞ്ചരിച്ച വാഹനത്തിനുനേരെ ഇസ്രയേൽ സൈന്യം വെടിവച്ചത്‌. കൂടെയുള്ളവരെല്ലാം മരിച്ചിട്ടും ജീവനോടെ അവശേഷിച്ച ഹിന്ദ്‌ റെഡ്‌ ക്രെസന്റ്‌ പ്രവർത്തകരോട്‌ മണിക്കൂറിലേറെനേരം ഫോണിൽ സംസാരിക്കുന്നതിന്റെ ശബ്ദവും ചിത്രത്തിലുണ്ട്‌. അതിനുശേഷം ഹിന്ദിനെയും അവളെ രക്ഷിക്കാൻ ആംബുലൻസുമായി എത്തിയ രണ്ട്‌ ആരോഗ്യപ്രവർത്തകരെയും സൈന്യം വെടിവച്ച്‌ കൊന്നു. ദിവസങ്ങൾക്കുശേഷമാണ്‌ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്‌.


മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ ‘ഫാദർ മദർ സിസ്‌റ്റർ ബ്രദർ’ എന്ന ചിത്രം നേടി. പുരസ്കാരം സ്വീകരിച്ച അമേരിക്കന്‍ സംവിധായകൻ ജിം ജാർമുഷ് ഇസ്രയേലിനോടുള്ള പ്രതിഷേധം വേദിയില്‍ പ്രകടിപ്പിച്ചു.


ഇന്ത്യൻ സംവിധായിക അനുപർണ റോയ്‌ ‘സോങ്‌സ്‌ ഓഫ്‌ ഫൊർഗോട്ടൺ ട്രീസ്‌’ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home