ad
Deshabhimani

print edition ഹംഗറിയിൽ ഓർബൻ യുഗത്തിന് അന്ത്യം

ഹംഗറി പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ പീറ്റർ മഗ്യാർ ദേശീയപതാകയുമായി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

ഹംഗറി പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ പീറ്റർ മഗ്യാർ ദേശീയപതാകയുമായി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 14, 2026, 12:25 AM | 1 min read

ബുഡാപെസ്റ്റ് : കിഴക്കൻ യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ തീവ്ര ദേശീയവാദിയായ വിക്ടർ ഓർബന്റെ 16 വർഷം നീണ്ട ഭരണത്തിന് അന്ത്യം. ഞായറാഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള മധ്യവലതുപക്ഷ ‘തീസ്സ' പാർടി വൻവിജയം നേടി. 199 അംഗ പാർലമെന്റിൽ 138 സീറ്റുകൾ തിസ്സ നേടിയപ്പോൾ ഓർബന്റെ ഫിഡെസ് പാർടി കേവലം 55 സീറ്റിലേക്ക് ഒതുങ്ങി.


അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യൂറോപ്പിലെ ഉറ്റ കൂട്ടാളിയായ ഓർബൻ തീവ്രദേശീയതയുടെയും കുടിയേറ്റ വിരുദ്ധതയുടെയും വക്താവാണ്‌. രാഷ്‌ട്രീയനിലപാടുകളിൽ യാഥാസ്ഥിതികനാണെങ്കിലും, തീവ്രദേശീയവാദിയായ ഓർബനെ പരാജയപ്പെടുത്താൻ ഇടതുപക്ഷ കക്ഷികൾ മിക്കവയും മഗ്യാറിനെ പിന്തുണച്ചു. ഫലം പുറത്തുവന്നതിനു പിന്നാലെ വിക്ടർ ഓർബൻ പരാജയം ഔദ്യോഗികമായി സമ്മതിച്ചു. ഭരണഘടന പ്രകാരം പ്രസിഡന്റ് തമാസ് സുല്യോക് 30 ദിവസത്തിനുള്ളിൽ പുതിയ പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത്‌ പീറ്റർ മഗ്യാറിനെ പ്രധാനമന്ത്രിയായി നിയമിക്കും.


2010 മുതൽ അധികാരത്തിൽ തുടരുന്ന ഓർബന്റെ പതനം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഹംഗറി കണ്ട ഏറ്റവും വലിയ രാഷ്ട്രീയമാറ്റമായാണ് കണക്കാക്കപ്പെടുന്നത്. ഓർബന്റെ പരാജയം യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും ആശങ്കകൾക്ക്‌ വിരാമമിടുന്നതാണ്‌. യൂറോപ്യൻ യൂണിയന്റെ നയങ്ങളെ നിരന്തരം എതിർത്തിരുന്നയാളാണ്‌ ഓർബൻ. കുടിയേറ്റം ചെറുക്കാൻ അതിർത്തികളിൽ മതിൽ കെട്ടുന്നതടക്കമുള്ള നടപടികൾ യൂറോപ്യൻ യൂണിയനുമായി വലിയ തർക്കങ്ങൾക്ക് വഴിവച്ചിരുന്നു. ഇനി ഹംഗറി യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും ശക്തമായ സഖ്യകക്ഷിയായിരിക്കുമെന്ന് മഗ്യാർ പ്രഖ്യാപിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home