ad
Deshabhimani

നിരുപാധികം കീഴടങ്ങുമെന്നത് അമേരിക്കയുടെ വ്യാമോഹം; ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ

Masoud Pezeshkian

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

വെബ് ഡെസ്ക്

Published on Mar 07, 2026, 02:43 PM | 1 min read

തെഹ്റാൻ: 'നിരുപാധിക കീഴടങ്ങൽ' എന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നിരസിച്ചു. ശനിയാഴ്ച സ്റ്റേറ്റ് ടെലിവിഷൻ വഴി പുറത്തുവിട്ട റെക്കോർഡ് ചെയ്ത പ്രസംഗത്തിലാണ് പെസഷ്കിയാൻ നിലപാട് വ്യക്തമാക്കിയത്. തെഹ്റാൻ ഒരിക്കലും കീഴടങ്ങില്ല, കീഴടക്കാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി.


അമേരിക്കയുമായും ഇസ്രയേലുമായും നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിനിടെ, അയൽരാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പെസഷ്കിയാൻ ഖേദം പ്രകടിപ്പിച്ചു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ തുടങ്ങിയ അയൽ രാജ്യങ്ങൾക്ക് നേരെയുണ്ടായ തീവ്രമായ ആക്രമണങ്ങളിൽ പെഷേഷ്കിയാൻ ക്ഷമ ചോദിച്ചു. അവിടെ നിന്ന് ആക്രമിക്കപ്പെടുന്നതുവരെ ഇത്തരം ആക്രമണങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.


ആണവ സമ്പത്ത് ലക്ഷ്യം വച്ച് ഫെബ്രുവരി 28ന് ഇറാനിലുടനീളം ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന പേരിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി ഇസ്രയേലിന് നേരെയും ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.


ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പാം ജുമൈറ, ബുർജ് അൽ അറബ് എന്നിവിടങ്ങളിൽ ആക്രമണങ്ങൾ ബാധിച്ചു. ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തമുണ്ടായി.


ബഹ്‌റൈനിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലയിൽ ഇറാനിയൻ മിസൈൽ പതിച്ചു. ഖത്തറിലേക്ക് 14 ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും തൊടുത്തുവിട്ടിരുന്നു. ഇതിലൊന്ന് അൽ-ഉദൈദ് വ്യോമതാവളത്തിൽ പതിച്ചു. സൗദി അരാംകോയിലും റാസ് തനുര റിഫൈനറിയിലും ആക്രമണശ്രമങ്ങൾ ഉണ്ടായി. ഇറാനിലുടനീളം വീണ്ടും ഇസ്രയേലും അമേരിക്കയും സംയുക്തമായി ആക്രമണം കടുപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home