ad
Deshabhimani

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്കുള്ള തായ്ലൻഡ് ചരക്കുകപ്പലിന് നേരെ ആക്രമണം

Thailand.jpg
വെബ് ഡെസ്ക്

Published on Mar 11, 2026, 05:20 PM | 1 min read

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് നേരെ ആക്രമണം. തായ്‌ലൻഡ് ഉടമസ്ഥതയിലുള്ള ‘മയൂരി നാരി’ എന്ന ബൾക്ക് കാരിയർ കപ്പലാണ് ആക്രമിക്കപ്പെട്ടത്.


ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും മൂന്ന് ജീവനക്കാരെ കാണാതാവുകയും ചെയ്തു. യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഗുജറാത്തിലെ കണ്ട്ലയിലേക്ക് വരികയായിരുന്ന കപ്പലിന് നേരെ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്.


തിരിച്ചറിയാത്ത മിസൈലോ ഡ്രോണോ കപ്പലിന്റെ പിൻഭാഗത്ത് പതിച്ചതിനെത്തുടർന്ന് എഞ്ചിൻ റൂമിലുൾപ്പെടെ വൻ തീപിടുത്തമുണ്ടായി. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ തായ് നാവികസേന പുറത്തുവിട്ടു. അപകടസമയത്ത് കപ്പലിലുണ്ടായിരുന്ന 23 ജീവനക്കാരിൽ 20 പേരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തി.


തീപിടുത്തമുണ്ടായ എഞ്ചിൻ റൂമിലുണ്ടായിരുന്ന മൂന്ന് ജീവനക്കാർക്കായാണ് നിലവിൽ തിരച്ചിൽ തുടരുന്നത്. രക്ഷപ്പെടുത്തിയവരെ ഒമാനിലെ ഖസബിലേക്ക് മാറ്റി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അപകടത്തിലായിരിക്കുകയാണ്.


ബുധനാഴ്ച മാത്രം ഈ മേഖലയിൽ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ. ഇറാൻ മേഖലയിൽ മൈനുകൾ സ്ഥാപിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ ആക്രമണം.


ലോകത്തെ എണ്ണക്കടത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടഞ്ഞുകിടക്കുന്നത് ആഗോള വിപണിയെയും ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തെയും ഗുരുതരമായി ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home