ad
Deshabhimani

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് നൽകിയത് താൽക്കാലിക അനുമതി; ആവര്‍ത്തിച്ച് വൈറ്റ് ഹൗസ്

karolin modi
വെബ് ഡെസ്ക്

Published on Mar 11, 2026, 03:16 PM | 2 min read

വാഷിംഗ്ടൺ: റഷ്യൻ എണ്ണ സ്വീകരിക്കാൻ ഇന്ത്യയ്ക്ക് അമേരിക്ക നൽകിയത് താൽക്കാലിക അനുമതി എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൊലീൻ ലീവിറ്റ്. ഇറാനുമായുള്ള സംഘർഷത്തിനിടെ ആഗോള ഊർജ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി,കടലിൽ എത്തിയിട്ടുള്ള എണ്ണ വാങ്ങിക്കാനാണ് അനുമതി. ഈ ഹ്രസ്വകാല ഇളവ് വഴി റഷ്യയ്ക്ക് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.


നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും അമേരിക്കൻ ഭീഷണികൾക്കും സമ്മര്‍ദ്ദ തന്ത്രങ്ങൾക്കും കീഴ്പ്പെട്ടിരിക്കുന്നതായുള്ള ആരോപണങ്ങൾക്കിടയിലാണ് ഇത്. എണ്ണ വാങ്ങുന്ന കാര്യത്തിൽ പോലും സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇല്ലാത്ത അധികാരം കാട്ടി പ്രതികാര നികുതി പ്രഖ്യാപിച്ചപ്പോൾ അതിന് വഴങ്ങി. തൊട്ടു പിന്നാലെ വ്യാപാര കരാറിലും യു എസ് ഭരണകൂട താത്പര്യങ്ങൾക്കും തന്ത്രങ്ങൾക്കും കീഴ്പ്പെട്ടു. റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഇന്ത്യ സ്വന്തം താത്പര്യമാണ് നടപ്പാക്കുന്നത് എന്ന് അവകാശപ്പെടുന്നു എങ്കിലും അതിനെ നിഷേധിക്കുന്നതാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ നിരന്തരമായ പ്രസ്താവനകൾ.


വൈറ്റ് ഹൗസിൽ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കരൊലീൻ ലീവിറ്റ്. "റഷ്യൻ എണ്ണ വാങ്ങുന്നത് തങ്ങൾ ആവശ്യപ്പെട്ട പ്രകാരം ഇന്ത്യ നേരത്തെ നിർത്തിവെച്ചിരുന്നു. ഇന്ത്യ യു എസ് താത്പര്യങ്ങൾക്ക് കീഴ് വഴങ്ങി നിൽക്കുന്ന സുഹൃദ് രാജ്യമാണ്.

ലോകമെമ്പാടുമുള്ള എണ്ണ വിതരണത്തിലെ ഈ താൽക്കാലിക വിടവ് നികത്താനാണ് ഞങ്ങൾ ഇന്ത്യയെ താൽക്കാലികമായി അനുവദിച്ചത്. ഇതിനാവശ്യമായ റഷ്യൻ എണ്ണ ഇതിനകം കടലിലുണ്ട്, വെള്ളത്തിലുണ്ട്. അതിനാൽ ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാരിന് ഈ സമയത്ത് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല" ലീവിറ്റ് പറഞ്ഞു.



പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക ഇന്ത്യയ്ക്ക് 30ദിവസത്തെ ഇളവ് നൽകിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. ഇന്ത്യയ്ക്ക് എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതി വേണമോ എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ചോദ്യം.


Related News

ഇതിനുമുമ്പ്,ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും ഇതേ വാക്കുകൾ ആവര്‍ത്തിച്ചിരുന്നു. "റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികളെ അനുവദിച്ചുകൊണ്ട് ട്രഷറി വകുപ്പ് 30ദിവസത്തെ താൽക്കാലിക ഇളവ് നൽകുകയാണ് എന്നായിരുന്നു വാക്കുകൾ. ഊർജ സെക്രട്ടറി ക്രിസ് റൈറ്റും ഇക്കാര്യം വ്യക്തമാക്കി. ദക്ഷിണേഷ്യയ്ക്ക് ചുറ്റും കപ്പലുകളിലുള്ള റഷ്യൻ എണ്ണ എടുക്കാനും,അത് ശുദ്ധീകരിച്ച് വിപണിയിൽ എത്തിക്കാനും ഇന്ത്യയെ അനുവദിക്കുന്നതായി അദ്ദേഹം പറഞ്ഞു. "വിതരണം ഉറപ്പാക്കാനും സമ്മർദ്ദം ലഘൂകരിക്കാനുമുള്ള പ്രായോഗികമായ ഒരു ഹ്രസ്വകാല നടപടിയാണിത്,"അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home