ad
Deshabhimani

അഫ്ഗാനിസ്ഥാനിൽ സിവിൽ സർവീസുകാർ സ്മാർട്ഫോൺ ഉപയോഗിക്കുന്നത് വിലക്കി താലിബാൻ

phone ban
വെബ് ഡെസ്ക്

Published on Jun 26, 2026, 11:36 AM | 1 min read

കാബൂൾ: അഫ്ഗാനിസ്ഥാനിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും സ്മാർട്ഫോൺ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ജൂൺ 16 മുതൽ ജഡ്ജിമാർ ഉൾപ്പെടെയുള്ള സൈനിക-സിവിൽ സ്ഥാപനങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരും സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും വിലക്കി. സൈനിക കോടതി ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.


ഉത്തരവ് ലംഘിച്ച് ഫോൺ ഉപയോഗിക്കുന്നവരുടെ മൊബൈൽ ഫോണുകൾ തല്ലിത്തകർക്കുമെന്നും ഇവർക്കെതിരെ നിയമപ്രകാരം കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും കോടതി ഉത്തരവ് മുന്നറിയിപ്പ് നൽകുന്നു. വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ താലിബാൻ ഭരണകൂടം തയ്യാറായിട്ടില്ല.


പുതിയ നിരോധനം സർക്കാർ ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി വാട്സാപ്പ്, ഇമെയിൽ, മറ്റ് മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയെയായിരുന്നു ഭൂരിഭാഗം ജീവനക്കാരും ആശ്രയിച്ചിരുന്നത്. പഞ്ച്ഷീർ പ്രവിശ്യയിലെ ഗവർണർ ഈ ഉത്തരവ് പ്രവിശ്യയിലെ എല്ലാ ഓഫീസുകളിലും ഉടനടി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.


2021 ഓഗസ്റ്റിൽ ഭരണം പിടിച്ചെടുത്തതിന് ശേഷം താലിബാൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളുടെ തുടർച്ചയാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home