തെക്കൻ തുർക്കിയയിലെ വെടിവയ്പ്: പ്രതിയെന്ന് സംശയിക്കുന്നയാൾ ആത്മഹത്യ ചെയ്ത നിലയിൽ

പ്രതീകാത്മകചിത്രം
അങ്കാറ : തെക്കൻ തുർക്കിയ നഗരമായ മെർസിനിൽ നടന്ന വെടിവെയ്പ്പിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി ആത്മഹത്യ ചെയ്ത നിലയിൽ. സുരക്ഷാ സേന വളഞ്ഞപ്പോൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് തുർക്കിയെയുടെ സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മെർസിനിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ടാർസസിന് വടക്ക് ഭാഗത്താണ് വെടിവയ്പ്പ് നടന്നത്. പ്രദേശത്തെ ഒരു റെസ്റ്റോറൻ്റിലാണ് ആദ്യ വെടിവെയ്പ്പുണ്ടായത്. അവിടെ വെച്ച് രണ്ട് പേർ കൊല്ലപ്പെടുകയായിരുന്നു. മറ്റൊരിടത്ത് വെച്ചാണ് മറ്റ് രണ്ട് പേർക്ക് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ.
37 കാരനാണ് പ്രതിയെന്നും ഇയാളുടെ ഭാര്യയടക്കം അഞ്ച് പേരെയാണ് വെടിവച്ച് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടുണ്ട്. വെടിവയ്പിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപെട്ട പ്രതി ഒളിച്ചിരുന്ന കെട്ടിടം സുരക്ഷാ സേന വളഞ്ഞപ്പോൾ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്തു. ആദ്യം ഭാര്യയെ തെരുവിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം റസ്റ്റോറന്റിൽ എത്തി കാറിലിരുന്ന് വെടിയുതിർത്ത് റസ്റ്റോറന്റ് ഉടമയെയും ജീവനക്കാരനെയും കൊലപ്പെടുത്തി. പിന്നീട് മറ്റൊരു പ്രദേശത്ത് വെച്ച് ഒരു കൗമാരക്കാരനെയും 50 വയസുകാരനെയും കൊലപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും മാനസിക വെല്ലുവിളികൾ നേരിട്ടിരുന്നതായും മെർസിൻ ഗവർണറുടെ ഓഫീസ് അറിയിച്ചു. തുർക്കിയേയിൽ കഴിഞ്ഞ മാസം കഹ്‌റമൻമാരാസ് പ്രവിശ്യയിൽ സ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെടുകയും ഒരു ദിവസം മുമ്പ് മറ്റൊരു സ്‌കൂളിൽ നടന്ന ആക്രമണത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.










0 comments