സുനിൽ അമൃതിന്റെ ബേണിങ് എർത്തിന് ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ്

ലണ്ടൻ: ഇന്ത്യൻ വംശജനായ ചരിത്രകാരൻ സുനിൽ അമൃതിന്റെ 'ദി ബേണിംഗ് എർത്ത്: ആൻ എൻവയോൺമെന്റൽ ഹിസ്റ്ററി ഓഫ് ദി ലാസ്റ്റ് 500 ഇയേഴ്‌സ്' എന്ന കൃതിക്ക് ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ്. ലോകത്തിലെ ഏറ്റവും മികച്ച നോൺ-ഫിക്ഷൻ കൃതികൾക്ക് നൽകി വരുന്ന 25,000 പൗണ്ട് വിലമതിക്കുന്ന പുരസ്‌കാരമാണ്.
യുഎസിലെ യേൽ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര പ്രൊഫസറാണിപ്പോൾ അമൃത്. ദക്ഷിണേന്ത്യൻ മാതാപിതാക്കൾക്ക് കെനിയയിൽ ജനിച്ചു. സിംഗപ്പൂരിൽ വളർന്നു. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി.
കാലാവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തെ വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം 46 കാരനായ അമൃതിന്റെ ഏറ്റവും പുതിയ രചനയാണ്. മനുഷ്യ ചരിത്രവും പാരിസ്ഥിതിക മാറ്റങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങൾ പരിശോധിക്കുന്ന അമൃതിന്റെ പുസ്തകത്തിന്, നിലവിലുള്ള കാലാവസ്ഥാ പ്രതിസന്ധികളിലേക്ക് നിർണായക ഉൾക്കാഴ്ചകൾ നൽകാൻ കഴിയുന്നതായി അവാർഡ് കമ്മിറ്റി വ്യക്തമാക്കി. പുസ്തകത്തിന്റെ ഉജ്ജ്വലമായ ശൈലിയെയും ആഗോള പാരിസ്ഥിതിക ചരിത്രത്തെക്കുറിച്ചുള്ള നിർണായക വീക്ഷണത്തെയും ജഡ്ജിമാർ പ്രശംസിച്ചു.
കോളനിവൽക്കരണം, വ്യവസായവൽക്കരണം തുടങ്ങിയ ചരിത്ര സംഭവങ്ങൾ കാലാവസ്ഥാ പ്രതിസന്ധിയെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണ ഗ്രന്ഥമാണ് ബേണിങ് എർത്ത്. ജഡ്ജിമാരുടെ അധ്യക്ഷയും യുകെ ആസ്ഥാനമായുള്ള ചരിത്രകാരിയുമായ പ്രൊഫസർ റെബേക്ക ഏൾ “മനുഷ്യന്റെ ചരിത്രവും പരിസ്ഥിതിയുടെ പരിവർത്തനവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള മജിസ്റ്റീരിയൽ വിവരണം എന്നാണ് പുസ്തകത്തെ വിശേഷിപ്പിച്ചത്.
"ഇത് വിശദമായും മനോഹരമായും എഴുതിയിരിക്കുന്നു. ഇന്നത്തെ കാലാവസ്ഥാ പ്രതിസന്ധിയുടെ ഉത്ഭവം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രധാനപ്പെട്ട വായനയാണ്," ഏൾ പറഞ്ഞു.
ആറ് ഗ്രന്ഥങ്ങളാണ് പുരസ്കാരത്തിനായി ഷോർട് ലിസ്റ്റ് ചെയ്തത്. ഏഷ്യയിലും പുറത്തുമുള്ള നാഗരികതകളെ ഇന്ത്യൻ ശാസ്ത്രം, കല, വാസ്തുവിദ്യ, മതചിന്ത എന്നിവ എങ്ങനെ രൂപപ്പെടുത്തി എന്നതിനെക്കുറിച്ചുള്ള സമഗ്രമായ പഠനമായ വില്യം ഡാൽറിംപിളിന്റെ 'ദി ഗോൾഡൻ റോഡ്: ഹൗ ഏൻഷ്യന്റ് ഇന്ത്യ ട്രാൻസ്ഫോംഡ് ദി വേൾഡ്' കൂടാതെ ലൂസി ആഷിന്റെ "ദി ബാറ്റൺ ആൻഡ് ദി ക്രോസ്: റഷ്യാസ് ചർച്ച് ഫ്രം പേഗൻസ് ടു പുടിൻ", ബ്രോൺവെൻ എവറില്ലിന്റെ "ആഫ്രിക്കണോമിക്സ്: എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഇഗ്നോറൻസ്", സോഫി ഹാർമന്റെ "സിക്ക് ഓഫ് ഇറ്റ്: ദി ഗ്ലോബൽ ഫൈറ്റ് ഫോർ വിമൻസ് ഹെൽത്ത്", ഗ്രേം ലോസന്റെ "സൗണ്ട് ട്രാക്കുകൾ: എ മ്യൂസിക്കൽ ഡിറ്റക്റ്റീവ് സ്റ്റോറി" എന്നീ ഗ്രന്ഥങ്ങളും ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടു.
ഈ പുരസ്‌കാരം യുകെയിലെ ബ്രിട്ടീഷ് അക്കാദമി (British Academy for the Humanities and Social Sciences) ആണ് നൽകുന്നത്. ലക്ഷ്യം — ചരിത്രം, രാഷ്ട്രീയം, സംസ്കാരം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ ആഗോള അവബോധം വളർത്തുന്ന രചനകൾ പ്രോത്സാഹിപ്പിക്കുക. 26 ലക്ഷം രൂപയുടെ മൂല്യമുള്ള പുരസ്കാരമാണ്. മാനവികത, സാമൂഹിക ശാസ്ത്ര മേഖലകളിലെ അസാധാരണ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള എഴുത്തിനെയാണ് അക്കാദമി പരിഗണിക്കുന്നത്. 2013-ൽ അക്കാദമി ബുക്ക് പ്രൈസ് തുടക്കമിട്ടു.










0 comments