സുന്ദർ പിച്ചൈയുടെ ശമ്പളം 6,361 കോടി രൂപ

ന്യൂഡൽഹി: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ മൊത്തം പ്രതിഫലം 692 ദശലക്ഷം ഡോളറായി (ഏകദേശം 6,361 കോടി രൂപ) വർദ്ധിപ്പിച്ചു. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എക്സിക്യൂട്ടീവുകളിൽ ഒരാളായി അദ്ദേഹം മാറി. അടുത്ത മൂന്ന് വർഷത്തേക്കുള്ള പാക്കേജാണിത്.
ഈ പാക്കേജിന്റെ ഭൂരിഭാഗവും പെർഫോമൻസ് സ്റ്റോക്ക് യൂണിറ്റുകളായാണ് നൽകുന്നത്. ഏകദേശം 126 ദശലക്ഷം ഡോളർ (1,158 കോടി) മൂല്യമുള്ള ഓഹരികൾ രണ്ട് ഘട്ടങ്ങളിലായി പിച്ചൈയ്ക്ക് ലഭിക്കും. കമ്പനിയുടെ ലാഭവിഹിതവും ഓഹരി വിപണിയിലെ പ്രകടനവും അടിസ്ഥാനമാക്കിയാണിത്. ലക്ഷ്യമിട്ടതിനേക്കാൾ മികച്ച പ്രകടനം കമ്പനി കാഴ്ചവെച്ചാൽ ഈ തുക 252 ദശലക്ഷം ഡോളറായി (2,316 കോടി) വർദ്ധിക്കാനും സാധ്യതയുണ്ട്.
ഇതുകൂടാതെ, പ്രതിവർഷം 2 ദശലക്ഷം ഡോളർ (ഏകദേശം 18.3 കോടി രൂപ) അടിസ്ഥാന ശമ്പളമായും, മൂന്ന് വർഷത്തേക്ക് പ്രതിമാസം ലഭിക്കുന്ന രീതിയിലുള്ള 84 ദശലക്ഷം ഡോളറിന്റെ (ഏകദേശം 772 കോടി രൂപ) മറ്റ് ഓഹരികളും അദ്ദേഹത്തിന് ലഭിക്കും. ഗൂഗിളിന്റെ സ്വയം നിയന്ത്രിത വാഹന സംരംഭമായ 'വേമോ', ഡ്രോൺ ഡെലിവറി വിഭാഗമായ 'വിംഗ്' എന്നിവയുടെ വളർച്ചയുമായി ബന്ധപ്പെട്ട് 350 ദശലക്ഷം ഡോളറിന്റെ (ഏകദേശം 3,217 കോടി രൂപ) പ്രത്യേക ഇൻസെന്റീവുകളും ആൽഫബെറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ പിച്ചൈ നൽകുന്ന നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ വലിയ തുകയ്ക്ക് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി.
2015 ആഗസ്തിൽ സിഇഒ ആയി ചുമതലയേറ്റ ശേഷം ഗൂഗിളിന്റെ വിപണി മൂല്യം 535 ബില്യൺ ഡോളറിൽ (ഏകദേശം 49 ലക്ഷം കോടി രൂപ) നിന്ന് 3.6 ട്രില്യൺ ഡോളറായി (ഏകദേശം 330 ലക്ഷം കോടി രൂപ) ഉയർത്താൻ പിച്ചൈയ്ക്ക് സാധിച്ചു. ഈ വർഷം ജനുവരിയിൽ ഇത് 4 ട്രില്യൺ ഡോളർ (ഏകദേശം 367 ലക്ഷം കോടി രൂപ) എന്ന റെക്കോർഡും പിന്നിട്ടിരുന്നു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല (96.5 ദശലക്ഷം ഡോളർ - ഏകദേശം 887 കോടി രൂപ), ആപ്പിൾ സിഇഒ ടിം കുക്ക് (74.3 ദശലക്ഷം ഡോളർ - ഏകദേശം 683 കോടി രൂപ) എന്നിവർ വാങ്ങുന്ന വാർഷിക വരുമാനത്തേക്കാൾ വലിയ തുകയാണ് പുതിയ പാക്കേജിലൂടെ സുന്ദർ പിച്ചൈയ്ക്ക് ലഭിക്കുക.










0 comments