മൂന്ന് കോടിയിലധികം മനുഷ്യർ ദുരിതത്തിൽ
സുഡാൻ്റെ തലസ്ഥാന നഗരിയിൽ ഡ്രോൺ ആക്രമണം; സംഘർഷം രൂക്ഷം

ഖാർത്തൂം: സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിനെയും രാജ്യത്തെ പ്രധാന വിമാനത്താവളത്തെയും ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം. ദീർഘകാലത്തിന് ശേഷം തലസ്ഥാനത്ത് നിന്നുള്ള യാത്രാവിമാന സർവ്വീസ് പുനരാരംഭിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് ആക്രമണം. സൈന്യവുമായി പോരാടുന്ന റാപിഡ് സപ്പോർട്ട് ഫോഴ്സ് (RSF) എന്ന അർദ്ധസൈനിക വിഭാഗമാണ് ആക്രമണത്തിന് പിന്നിൽ.
ഡ്രോണുകൾ ഫലപ്രദമായി തടഞ്ഞുവെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിൽ യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും അവകാശപ്പെട്ടു.
2023 ൽ ആഭ്യന്തരയുദ്ധം ആരംഭിച്ച ശേഷം രാജ്യത്തെ ജനങ്ങൾ സംഘർഷ കെടുതികൾക്ക് നടുവിലാണ്. മുൻപ് കൂട്ടാളികളായിരുന്ന സുഡാൻ സൈന്യവും RSF-ഉം തമ്മിലുണ്ടായ അധികാരപോരാട്ടമാണ് തുടരുന്നത്.
ഈ വർഷം മാർച്ചിൽ സൈന്യം ഖാർത്തൂമിനെ വീണ്ടെടുത്തെങ്കിലും അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തന സജ്ജമായിരുന്നില്ല. ബുധനാഴ്ച ഇവിടെ ബദർ എയർലൈൻസിന്റെ യാത്രാവിമാനം ഇറങ്ങി. തൊട്ടു പിന്നാലെയാണ് ആക്രമണം.

സുഡാനിലെ വൻ മനുഷ്യാവകാശ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ശ്രദ്ധ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും (IOM) സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. “യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും, കുട്ടികളുള്‍പ്പെടെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും, എല്ലാ ബാധിത പ്രദേശങ്ങളിലേക്കും മനുഷ്യാവകാശ സഹായത്തിന് അനുമതി നൽകണമെന്നും” ആവശ്യപ്പെട്ടു. തൊട്ട് പിന്നാലെയാണ് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം.
ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിസന്ധി
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2023 മുതൽ ഇതുവരെ 40,000-ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ മൂന്ന് കോടിയിൽ അധികം പേർ മനുഷ്യാവകാശ സഹായം പ്രതിസന്ധിയിലായി തുടരുന്നു. ഇത് ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിസന്ധിയായി മാറിയതായി ഏജൻസികൾ വിലയിരുത്തി.
ദർഫൂർ , കോർഡോഫാൻ മേഖലകളിലാണ് സംഘർഷം ഏറ്റവും രൂക്ഷമായത്. അവിടെ പട്ടിണിയും അതിക്രമങ്ങളും വ്യാപകമാണ്. നോർത്ത് ദർഫൂർ പ്രവിശ്യയിലെ തലസ്ഥാനമായ എൽ-ഫാഷർ കഴിഞ്ഞ ഒരു വർഷമായി സൈനിക സംഘം വളഞ്ഞിരിക്കുകയാണ്. ഏകദേശം 2.6 ലക്ഷം സാധാരണ പൗരന്മാർ ഇതിനകത്ത് കുടുങ്ങി കഴിയുന്നു.
പട്ടിണി, രോഗം, അവശ്യ സേവനങ്ങളുടെ തകർച്ച എന്നിവ നേരിടുന്ന കുട്ടികൾ, മുഴുവൻ മനുഷ്യ സമൂഹത്തിന്റെയും അന്തസ്സിനെ വെല്ലുവിളിക്കുന്ന സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന് യുണിസെഫിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ടെഡ് ചൈബാൻ പ്രസ്താവനയിൽ പറഞ്ഞു.











0 comments