സുഡാനിൽ 'ഡ്രോൺ യുദ്ധം': നാല് മാസത്തിനുള്ളിൽ 880 മരണം, മുന്നറിയിപ്പുമായി യുഎൻ

വോൾക്കർ ടർക്ക് (Photo: UN)
ജനീവ: സുഡാനിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിന്റെ പ്രധാന കാരണം സായുധ ഡ്രോണുകളുടെ ഉപയോഗമാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് മുന്നറിയിപ്പ് നൽകി. സിവിലിയൻ മരണങ്ങളിൽ 80 ശതമാനവും ഡ്രോൺ ആക്രമണങ്ങൾ മൂലമാണ് സംഭവിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മാത്രം ഡ്രോൺ ആക്രമണങ്ങളിൽ 880 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
കോർഡോഫാൻ മേഖലയിലാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്നത്. കൂടാതെ ബ്ലൂ നൈൽ, വൈറ്റ് നൈൽ, കാർട്ടൂം എന്നിവിടങ്ങളിലേക്കും ഡ്രോൺ ആക്രമണങ്ങൾ വ്യാപിച്ചിട്ടുണ്ട്. യുദ്ധം രൂക്ഷമാകുന്നതോടെ കോർഡോഫാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കടുത്ത ക്ഷാമത്തിന്റെ പിടിയിലാണ്. അക്രമങ്ങൾ കാരണം അവിടേക്ക് അത്യാവശ്യ സഹായങ്ങൾ എത്തിക്കാൻ കഴിയുന്നില്ല.
മുൻപ് മഴക്കാലത്ത് കരയുദ്ധങ്ങൾ മന്ദഗതിയിലാകാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഡ്രോണുകളുടെ ഉപയോഗത്തിലൂടെ കാലാവസ്ഥയെ അവഗണിച്ച് ഇരുവിഭാഗങ്ങളും യുദ്ധം തുടരുകയാണ്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന വിഭാഗങ്ങൾക്ക് ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക ആയുധങ്ങൾ കൈമാറുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ഉടൻ നടപടിയെടുക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
2023 ഏപ്രിലിൽ ആരംഭിച്ച ഈ യുദ്ധത്തിൽ ലൈംഗിക അതിക്രമങ്ങളും വംശീയ കൊലപാതകങ്ങളും ഉൾപ്പെടെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.










0 comments