ad
Deshabhimani

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; എണ്ണവിതരണത്തിൽ ആശങ്ക

hormuz ship

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 13, 2026, 11:47 AM | 2 min read

തെഹ്റാൻ: അമേരിക്ക–ഇറാൻ കടൽസംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലിന് നേരെ വീണ്ടും ആക്രമണം. കടലിടുക്കിലൂടെ നീങ്ങുകയായിരുന്ന കപ്പലിൽ അജ്ഞാത പ്രൊജക്ടൈൽ പതിച്ചതായി ബ്രിട്ടീഷ് നാവികസേനയുമായി ബന്ധമുള്ള യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. കപ്പലിനുണ്ടായ നാശനഷ്ടവും ജീവനക്കാരുടെ സ്ഥിതിയും ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വവും ആരും ഏറ്റെടുത്തിട്ടില്ല.


അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച ആക്രമണങ്ങൾക്കുശേഷം മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കേന്ദ്രമായി ഹോർമുസ് കടലിടുക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ സൈന്യം ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്തതായി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇറാൻ അമേരിക്കൻ സൈനിക കപ്പലുകൾക്കും ചരക്കുകപ്പലുകൾക്കും നേരെ തിരിച്ചടികൾ നടത്തിയതോടെ സംഘർഷം കൂടുതൽ രൂക്ഷമായി.


പുതിയ ആക്രമണത്തിന് തൊട്ടുമുൻപ് സൗദി അറേബ്യയുടെ നിർണായക കിഴക്ക്–പടിഞ്ഞാറ് എണ്ണക്കുഴൽപാത ഡ്രോൺ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി അടച്ചിരുന്നു. ആക്രമണം ഇറാഖ് പ്രദേശത്തുനിന്നാണ് ഉണ്ടായതെന്ന് ഇറാഖും സൗദിയും വ്യക്തമാക്കിയെങ്കിലും ആരാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല.


ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇറാനായിരിക്കാം പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. എന്നാൽ അതിന് തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം യുദ്ധത്തെ തുടർന്ന് വലിയ തോതിൽ തടസ്സപ്പെട്ടതോടെ സൗദിയുടെ 1,200 കിലോമീറ്റർ നീളമുള്ള കിഴക്ക്–പടിഞ്ഞാറ് കുഴൽപാതയാണ് കഴിഞ്ഞ ആറുമാസമായി പ്രധാന ബദൽ മാർഗമായി ഉപയോഗിച്ചിരുന്നത്.


പ്രതിദിനം 40 ലക്ഷം മുതൽ 50 ലക്ഷം ബാരൽ വരെ എണ്ണയാണ് ഇതിലൂടെ കടത്തിയിരുന്നത്. ഇത് ലോകത്തെ പ്രതിദിന എണ്ണവിതരണത്തിന്റെ നാലു മുതൽ അഞ്ച് ശതമാനം വരും. ഈ പാതയും അടഞ്ഞതോടെ ആഗോള എണ്ണവിതരണത്തിൽ കൂടുതൽ സമ്മർദമുണ്ടാകുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. സംഘർഷം രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തി.


ഹോർമുസിലൂടെയുള്ള ഗതാഗതം മുൻകാലത്തെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞതും പ്രധാന ഗൾഫ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. സെപ്തംബർ ആദ്യവാരത്തെ കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളുടെ എണ്ണക്കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്ന് ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല.


അതിനിടെ ചെങ്കടലിലേക്കുള്ള മറ്റൊരു തന്ത്രപ്രധാന കവാടമായ ബാബ് അൽ മന്ദബിലും സംഘർഷം ശക്തമാകുകയാണ്. യെമനിലെ ഹൂതി സേന പെരിം ദ്വീപ് പിടിച്ചെടുത്തതായി യെമൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ഹോർമുസിനൊപ്പം ചെങ്കടൽ പാതയിലും തടസ്സമുണ്ടായാൽ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണയും ചരക്കുനീക്കവും കൂടുതൽ പ്രതിസന്ധിയിലാകും.


സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ സൈനിക സഹായം തേടിയതായും റിപ്പോർട്ടുണ്ട്. എന്നാൽ യെമനിലെ ഹൂതികൾക്കെതിരെ നേരിട്ട് സൈനികമായി ഇടപെടാൻ ഇപ്പോൾ തയ്യാറല്ലെന്നും രഹസ്യാന്വേഷണ സഹായം നൽകാമെന്നുമാണ് വാഷിങ്ടൺ അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.


അതേസമയം ഹോർമുസ് പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങളും തുടരുകയാണ്. തിങ്കളാഴ്ച ഒമാനിൽ നടക്കുന്ന ഗൾഫ് രാജ്യങ്ങളുടെ യോഗത്തിൽ ഇറാൻ പങ്കെടുക്കും. ഇറാനും ഒമാനും തമ്മിൽ ഹോർമുസിലൂടെ പുതിയ പ്രവേശന–പുറത്തുകടക്കൽ പാതകൾ സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും ഇത് യോഗത്തിൽ അവതരിപ്പിക്കുമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


എന്നാൽ അമേരിക്കയ്ക്ക് മുന്നോട്ടുവച്ച ഏഴ് വ്യവസ്ഥകൾ അംഗീകരിക്കാതെ കടലിടുക്ക് പൂർണമായി തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ തങ്ങളുടെ അവകാശം അംഗീകരിക്കണമെന്നും കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ അനുവദിക്കണമെന്നുമാണ് ഇറാന്റെ ആവശ്യങ്ങളിൽ ഒന്ന്. അമേരിക്ക ഇത് തള്ളിയിട്ടുണ്ട്. ഹോർമുസിനെ അമേരിക്കയുടെ ‘പുതിയ ഭൂപ്രദേശം’ എന്നുവരെ ട്രംപ് മുമ്പ് അവകാശപ്പെട്ടത് മേഖലയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home