പട്ടിണി മരണം തുടരുന്നു: ഗാസയിൽ അഞ്ച് കുഞ്ഞുങ്ങൾ കൂടി മരിച്ചു

PHOTO CREDIT: X
ഗാസ സിറ്റി: ഗാസയിൽ പട്ടിണി മരണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് കുഞ്ഞുങ്ങളാണ് ഗാസയിൽ 'വിശന്ന്' മരിച്ചത്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പട്ടിണി മരണങ്ങൾ 322 ആയി. ഇതിൽ 121 പേരും കുട്ടികളാണ്. ഇസ്രയേലിന്റെ ഉപരോധംമൂലം കടുത്ത ക്ഷാമവും പോഷകാഹാരക്കുറവുമാണ് ഗാസ ജനത നേരിടുന്നത്. അവശ്യവസ്‌തുക്കൾപോലും ലഭിക്കുന്നില്ല. അഞ്ചുമാസമായി തുടരുന്ന ഉപരോധത്തിന്റെ സൃഷ്‌ടിയാണിത്.
പുലർച്ചെ മുതൽ ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 59 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ സഹായം തേടിയെത്തിയ 23 പേർ ഉൾപ്പെടും. മെയ് 27ന് യുഎസ് ആസ്ഥാനമായുള്ള ജിഎച്ച്എഫ് വഴി ഇസ്രയേൽ പുതിയ സഹായ വിതരണ സംവിധാനം അവതരിപ്പിച്ചിരുന്നു. സഹായം തേടിയെത്തിയ 2,203 പേരാണ് അതിന് ശേഷം ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ കടന്നാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 16,228 പേർക്ക് പരിക്കേറ്റു.
മാനുഷിക മേഖലയായി കരുതപ്പെടുന്ന അൽ-മവാസി മേഖലയിലെ നിരവധി പേരും കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഗാസ മുനമ്പിൽ നിന്ന് ബന്ദിയാക്കപ്പെട്ട ഇലൻ വീസിന്റെ മൃതദേഹം കണ്ടെടുത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മറ്റൊരു തടവുകാരന്റേതെന്ന് കരുതപ്പെടുന്ന വസ്തുക്കളും കണ്ടെത്തി.
ഗാസയ്‌ക്കെതിരായ യുദ്ധത്തിൽ ഇസ്രയേൽ 63,025 പേരെയാണ് കൊന്നൊടുക്കിയത്. 159,490 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റതായാണ് കണക്ക്. 2023 ഒക്ടോബർ 7ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ ഇസ്രയേലിൽ ആകെ 1,139 പേർ കൊല്ലപ്പെട്ടു. 200 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.









0 comments