'തമിഴ്‌നാടും ശ്രീലങ്കയും തമ്മിലുള്ളത് ആഴത്തിലുള്ള ബന്ധം': വിജയ്ക്ക് ആശംസകളുമായി ദിസനായകെ

കൊളംബോ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി ജോസഫ് വിജയ്‍യെ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ അഭിനന്ദിച്ചു. തമിഴ്‌നാടും ശ്രീലങ്കയും തമ്മിൽ ചരിത്രപരവും സാംസ്കാരികവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും ദിസനായകെ എക്സിൽ കുറിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൂടുതൽ സാമ്പത്തിക അഭിവൃദ്ധിക്കായി തമിഴ്‌നാടുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ദിസനായകെ വ്യക്തമാക്കി.
ശ്രീലങ്കയിലെ പ്രധാന തമിഴ് പാർടിയായ ഇലങ്കൈ തമിഴ് അരസു കക്ഷി (ഐടിഎകെ) ജനറൽ സെക്രട്ടറി എം എ സുമന്തിരനും വിജയ്‍ക്ക് അഭിനന്ദനം അറിയിച്ചു. ശ്രീലങ്കയിലെ ജനസംഖ്യയുടെ 18 ശതമാനത്തോളം തമിഴ് വംശജരുണ്ട് (ശ്രീലങ്കൻ തമിഴർ - 13%, ഇന്ത്യൻ തമിഴർ - 5%). ഇവരുമായുള്ള ബന്ധം തമിഴ്‌നാടും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിൽ നിർണ്ണായകമാണെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
ഞായറാഴ്ച രാവിലെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തമിഴ്നാടിന്റെ അധിക ചുമതലയുള്ള കേരള ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്‍ക്കൊപ്പം ഒമ്പതംഗ മന്ത്രിസഭയും ചുമതലയേറ്റു.
സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ സിനിമാ രംഗത്തെ നിരവധി താരങ്ങളും എത്തി. തമിഴ്നാട്ടിലാകെ വിജയ് ആരാധകർ വലിയ ആവേശത്തിലാണ്. ശനിയാഴ്ച വൈകുന്നേരത്തോട് കൂടി വിജയ് ചെന്നൈയിലെ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറിനെ കണ്ട് 120 എംഎൽഎമാരുടെ പിന്തുണ കത്തുകൾ സമർപ്പിച്ചു. സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം തേടി ഒരാഴ്ചയ്ക്കിടെ ഗവർണറുമായി വിജയ് നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയെ, ഡിഎംകെ സഖ്യകക്ഷികൾ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ചത്. സിപിഐഎം, സിപിഐ, മുസ്ലിംലീഗ്, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), കോൺഗ്രസ് എന്നീ പാർട്ടികളാണ് സഖ്യസർക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.











0 comments