പൊതുഫണ്ട് ദുരുപയോഗം
ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെക്കെതിരായ കേസ് സെപ്തംബർ 30ലേക്ക് മാറ്റി

കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെക്കെതിരെയുള്ള പൊതു ഫണ്ട് ദുരുപയോഗ കേസിൽ അടുത്ത വാദം കേൾക്കൽ സെപ്തംബർ 30ലേക്ക് മാറ്റി. കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ബുധനാഴ്ച കേസ് പരിഗണിച്ചത്. കേസിൽ സിഐഡി അന്വേഷണം പൂർത്തിയായതായും തുടർനടപടികൾക്കായി റിപ്പോർട്ട് അറ്റോർണി ജനറലിന് കൈമാറിയതായും അധികൃതർ കോടതിയെ അറിയിച്ചു. കേസിൽ വിക്രമസിംഗെക്കെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കും.
2023ൽ യുകെയിലെ വോൾവർഹാംപ്ടൺ സർവകലാശാലയിൽ ഭാര്യ മൈത്രി വിക്രമസിംഗെയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പൊതു ഫണ്ട് ഉപയോഗിച്ചുവെന്നാണ് റനിൽ വിക്രമസിംഗെക്കെതിരെയുള്ള കേസ്. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നത് വ്യക്തിപരമായ കാര്യമാണെന്നും അതിനായി സർക്കാർ പണം ഉപയോഗിച്ചത് സംസ്ഥാന വിഭവങ്ങളുടെ കടുത്ത ദുരുപയോഗമാണെന്നുമാണ് പ്രോസിക്യൂഷൻ വാദം.
യാത്രയ്ക്കായി ആകെ 16.6 മില്യൺ രൂപയാണ് റനിൽ വിക്രമസിംഗെ ചെലവാക്കിയത്. ചട്ടവിരുദ്ധമായി ഈ തുക അനുവദിച്ച വിക്രമസിംഗെയുടെ അന്നത്തെ സെക്രട്ടറി സമൻ ഏകനായകെയും കേസിൽ പ്രതിയാണ്. കേസിനെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റനിൽ വിക്രമസിംഗെ അറസ്റ്റിലാവുകയും റിമാൻഡിലാകുകയും ചെയ്തിരുന്നു. പൊതു ഫണ്ട് ദുരുപയോഗക്കേസിൽ അറസ്റ്റിലാകുന്ന ശ്രീലങ്കയിലെ ആദ്യത്തെ മുൻ പ്രസിഡന്റാണ് വിക്രമസിംഗെ. അറസ്റ്റിലായി ഒരാഴ്ചയ്ക്ക് ശേഷം ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചു.











0 comments