ഈസ്റ്റർ ഭീകരാക്രമണം:ശ്രീലങ്കൻ മുൻ ഇന്റലിജൻസ് മേധാവിയുടെ അറസ്റ്റ് സ്വാഗതം ചെയ്ത് കത്തോലിക്കാ സഭ

കൊളംബോ: 2019-ലെ ഈസ്റ്റർ ദിന ഭീകരാക്രമണക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ മുൻ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ് മേധാവി റിട്ട മേജർ ജനറൽ സുരേഷ് സല്ലെയെ അറസ്റ്റ് ചെയ്തത നടപടി സ്വാഗതം ചെയ്ത് ശ്രീലങ്കൻ കത്തോലിക്കാ സഭ. ബുധനാഴ്ചയാണ് സല്ലെയെ അറസ്റ്റ് ചെയ്തത്. ഭീകരവാദ നിരോധന നിയമപ്രകാരം അദ്ദേഹം 72മണിക്കൂർ പൊലീസ് കസ്റ്റഡിയിലാണ്.
മുൻ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ കാലത്ത് ഈ കേസിന്റെ അന്വേഷണം മനഃപൂർവ്വം തടസ്സപ്പെടുത്തിയതായി സഭ വക്താവ് ഫാദർ സിറിൽ ഗാമിനി പറഞ്ഞു. നിലവിലെ സർക്കാർ അധികാരമേറ്റ ശേഷമുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച "അദൃശ്യ കരങ്ങളെ"പുറത്തുകൊണ്ടുവരണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സഭ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
2019ഏപ്രിൽ 21-ന് നടന്ന ചാവേർ ആക്രമണത്തിൽ 11ഇന്ത്യക്കാരടക്കം 270-ലധികം പേരാണ് കൊല്ലപ്പെട്ടത്.ഐസിസുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമാഅത്ത് (NTJ) ആണ് ആക്രമണം നടത്തിയത്. മൂന്ന് പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങൾ നടന്നത്. രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിക്കപ്പെട്ടുവെന്ന പരാതികളെത്തുടർന്ന് 2024 അവസാനത്തോടെയാണ് പുതിയ സർക്കാർ കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടത്.
സല്ലെയെ ചോദ്യം ചെയ്യുന്നതോടെ 270പേരുടെ ജീവനെടുത്ത ക്രൂരതയ്ക്ക് പിന്നിലെ ഗൂഢാലോചനകൾ അനാവരണം ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇരകളുടെ കുടുംബങ്ങളും കത്തോലിക്കാ സഭയും. ഇന്ത്യ നൽകിയ രഹസ്യാന്വേഷണ വിവരങ്ങൾ അവഗണിച്ച അന്നത്തെ സർക്കാരിന്റെ വീഴ്ചകൾ കൂടി ഈ അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് സൂചന.










0 comments