നിലപാട് കടുപ്പിച്ച് സ്പെയിൻ, അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വ്യേമപാത നൽകില്ല

സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ്
മാഡ്രിഡ്: ഇറാനെതിരെ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സ്പെയിൻ. പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള സ്പാനിഷ് സർക്കാർ നേരത്തെ തന്നെ യുഎസിന് രാജ്യത്തെ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
“ആദ്യം മുതൽ തന്നെ ഞങ്ങൾ ഇക്കാര്യം അമേരിക്കൻ സൈനികർക്കും സേനകൾക്കും മുന്നിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ, ഇറാനിലെ യുദ്ധവുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനങ്ങൾക്കും താവളങ്ങളോ സ്പാനിഷ് വ്യോമാതിർത്തിയോ അനുവദിക്കില്ല,” റോബിൾസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുദ്ധത്തിനെതിരെ രൂക്ഷ വിമർശനം
മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നടപടികളെ യൂറോപ്പിൽ ഏറ്റവും രൂക്ഷമായി വിമർശിക്കുന്ന നേതാവാണ് പ്രധാനമന്ത്രി സാഞ്ചസ്. ഇറാനിലെ യുദ്ധത്തെ “പൂർണ്ണമായും നിയമവിരുദ്ധവും പൂർണ്ണമായും അന്യായവുമായി” റോബിൾസ് വിശേഷിപ്പിച്ചു.
“സ്പെയിനിന്റെ നിലപാട് എല്ലാവർക്കും അറിയാം; അത് വളരെ വ്യക്തമാണ്,” അവർ കൂട്ടിച്ചേർത്തു.
വ്യോമാതിർത്തി അടച്ചാൽ
യൂറോപ്പിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള പ്രധാന വ്യോമപാതയിലാണ് സ്പെയിൻ സ്ഥിതി ചെയ്യുന്നത്. ഈ തീരുമാനം യുഎസ് സൈനിക വിമാനങ്ങൾക്ക് വലിയ തിരിച്ചടിയാണ്. വ്യോമാതിർത്തി അടയ്ക്കുന്നത് അമേരിക്കൻ സൈനിക വിമാനങ്ങളെ സ്പെയിനിനെ ഒഴിവാക്കി ദീർഘദൂരം തിരിച്ചുപോകാൻ നിർബന്ധിതമാക്കും, ഇത് ഇന്ധനച്ചെലവും യാത്രാസമയവും വർദ്ധിപ്പിക്കും.

സ്പെയിനിലെ റോട്ട, മോറോൺ ഡി ലാ ഫ്രോണ്ടെറ എന്നീ സൈനിക താവളങ്ങളാണ് യുഎസുമായി സംയുക്തമായി പ്രവർത്തിക്കുന്നത്. മാർച്ച് ആദ്യം തന്നെ ഈ താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് യുഎസിനെ സ്പെയിൻ തടഞ്ഞിരുന്നു. ഫ്ലൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്ലൈറ്റ് റഡാർ 24 ന്റെ കണക്കുകൾ പ്രകാരം, 15 യുഎസ് സൈനിക വിമാനങ്ങൾ ഈ താവളങ്ങളിൽ നിന്ന് പുറത്തുപോയി.
അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളൽ
സ്പെയിനിന്റെ ഈ നിലപാട് അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്പെയിനുമായുള്ള വ്യാപാരം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. “സ്പെയിനുമായുള്ള എല്ലാ വ്യാപാരവും ഞങ്ങൾ അവസാനിപ്പിക്കും,” ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് ഒരിക്കൽ പറഞ്ഞു.
നാറ്റോയിലെ മറ്റ് അംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിരോധ ചെലവ് ജിഡിപിയുടെ 2.1 ശതമാനത്തിൽ നിലനിർത്താനുള്ള സ്പെയിനിന്റെ തീരുമാനവും ട്രംപിനെ അസ്വസ്ഥനാക്കിയിരുന്നു. ആയുധ കച്ചവടത്തിന് വഴങ്ങില്ല എന്നായിരുന്നു പരോക്ഷ പ്രഖ്യാപനം.
ഇടതുപക്ഷ സ്വാധീനമുള്ള സഭ
കുടിയേറ്റ നയത്തിലും ട്രംപിന്റെ നേരെ എതിരായ നിലപാടാണ് സ്പെയിൻ കൈക്കൊണ്ടത്. അനധികൃതമായി രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകുമെന്ന് സ്പെയിൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ ഇടതുപക്ഷ പാർട്ടിയായ പൊഡെമോസുമായി ഉണ്ടാക്കിയ ധാരണയ്ക്ക് പിന്നാലെയാണ് സ്പെയിനിൽ ഈ നീക്കത്തിന് വഴി തുറന്നത്. ഈ തീരുമാനത്തിലൂടെ ഏകദേശം 5ലക്ഷം ആളുകൾക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. പ്രധാനമന്ത്രി സാൻഞ്ചസിന്റെ അസ്ഥിരമായ ഭരണകൂടത്തിന് പിന്തുണ നൽകുന്നതിന് ഇടതുപക്ഷ പാര്‍ട്ടികൾ കുടിയേറ്റക്കാരുടെ സംരക്ഷണം ഉൾപ്പെടെ നിബന്ധകൾ മുന്നോട്ട് വെച്ചിരുന്നു. ഇരുപക്ഷവും ഐക്യപ്പെട്ടതോടെ സ്പെയിൻ നിലപാടുകൾ കടുപ്പിച്ചു.
Related News
യൂറോപ്യൻ യൂണിയനിൽ ഭിന്നത
ഇറാനുമായുള്ള സംഘർഷത്തിൽ യൂറോപ്യൻ യൂണിയനിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ചില അംഗരാജ്യങ്ങൾ സൈനിക നടപടിയെ പിന്തുണച്ചപ്പോൾ, സ്പെയിൻ പോലുള്ള രാജ്യങ്ങൾ നയതന്ത്രപരമായ പരിഹാരത്തിന് ഊന്നൽ നൽകുകയാണ്.
സ്പെയിനിന്റെ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസ് നയതന്ത്രത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു: “യൂറോപ്യൻ യൂണിയന്റെ പങ്ക് സംഘർഷം അവസാനിപ്പിക്കുന്നതിനും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങുന്നതിനുമുള്ള ആഹ്വാനമായിരിക്കണം, കാരണം അക്രമത്തിലൂടെ നമുക്ക് സ്ഥിരതയോ ജനാധിപത്യമോ സമാധാനമോ നേടാനാകില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന സൈനിക നടപടികളെ സ്പെയിൻ പിന്തുണയ്ക്കില്ലെന്ന് പ്രധാനമന്ത്രി സാഞ്ചസ് നേരത്തെ വ്യക്തമാക്കിയിരുന്നു. “ഞാൻ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം, നിയമവിരുദ്ധമായ ആക്രമണങ്ങളിലോ സ്വാതന്ത്ര്യം എന്ന വ്യാജേനയുള്ള നുണകളിലോ സ്പെയിൻ സഹകാരിയാകില്ല,” അദ്ദേഹം പറഞ്ഞു.










0 comments