കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ നിയമവുമായി തുര്‍ക്കിയും

അങ്കാറ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നിയന്ത്രിക്കുന്ന ബിൽ പാസാക്കി തുർക്കി നിയമസഭ. കുട്ടികളെ അപകടകരമായ ഓൺലൈൻ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായി എന്നാണ് വിശദീകരണം.
തെക്കൻ തുർക്കിയിലെ കഹ്‌റമൻമാരാഷിലുള്ള ഒരു മിഡിൽ സ്കൂളിൽ 14 വയസ്സുകാരനായ ഒരു വിദ്യാർത്ഥി ഒൻപത് സഹപാഠികളെയും ഒരു അധ്യാപകനെയും വെടിവെച്ചു കൊന്ന സംഭവം ഉണ്ടായിരിന്നു. ആ സംഭവത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ ബിൽ പാസാക്കിയിരിക്കുന്നത്. പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ഒപ്പുവെക്കുന്നതോടെ ഇത് നിയമമാവും. 15 ദിവസമാണ് ഇതിനുള്ള ഇടവേള.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിർബന്ധമായും പ്രായം പരിശോധിക്കുന്ന സംവിധാനങ്ങൾ (Age-verification systems) ഏർപ്പെടുത്തുക. രക്ഷിതാക്കൾക്ക് കുട്ടികളുടെ ഓൺലൈൻ ഉപയോഗം നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഏര്‍പ്പെടുത്തുക. ഹാനികരമെന്ന് കണ്ടെത്തുന്ന ഉള്ളടക്കങ്ങൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കാൻ കമ്പനികളെ ബാധ്യതപ്പെടുത്തുക. ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അതത് കമ്പനികൾ രാജ്യത്തിനകത്ത് ഒരു പ്രതിനിധിയെ നിയമിക്കുക എന്നിങ്ങനെയാണ് നിയമം നിഷ്കര്‍ഷിക്കുന്നത്.
പ്രധാന പ്രതിപക്ഷ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (CHP) ഈ ബില്ലിനെ വിമർശിച്ചു. നിരോധനങ്ങളിലൂടെയല്ല, മറിച്ച് അവകാശങ്ങൾ അടിസ്ഥാനമാക്കിയുള്ള നയങ്ങളിലൂടെയാണ് കുട്ടികളെ സംരക്ഷിക്കേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, സ്‌പെയിൻ, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളും കുട്ടികളെ സോഷ്യൽ മീഡിയയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സമാനമായ നിയന്ത്രണങ്ങൾ പരിഗണിക്കുന്നുണ്ട്.









0 comments