ad
Deshabhimani

കനത്ത സുരക്ഷയിൽ ഷെരീഫ്‌ ഉസ്‌മാൻ ബിന്‍ ഹാദിയുടെ സംസ്കാരം നടന്നു

Sharif Osman Bin Hadi
വെബ് ഡെസ്ക്

Published on Dec 20, 2025, 08:13 PM | 1 min read

ധാക്ക: ബം​ഗ്ലാദേശിലെ യുവജനനേതാവ് ഷെരീഫ്‌ ഉസ്‌മാൻ ബിന്‍ ഹാദിയുടെ സംസ്കാരം നടന്നു. കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. രാജ്യ തലസ്ഥാനമായ ധാക്കയിലേക്ക് വലിയ ജനക്കൂട്ടം എത്തിയിരുന്നു. ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മൊഹമ്മദ്‌ യൂനുസ്, ഉപദേശക സമിതി അംഗങ്ങൾ, സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ എന്നിവർ പങ്കെടുത്തു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി (ബിഎൻപി), ജമാഅത്തെ ഇസ്ലാമി, വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള നാഷണൽ സിറ്റിസൺ പാർടി (എൻസിപി) പ്രവർത്തകർ ദുഃഖം രേഖപ്പെടുത്തി.


വെടിയേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഷെരീഫ്‌ ഉസ്‌മാൻ ബിന്‍ ഹാദി അന്തരിച്ചത്. തുടർന്ന് രാജ്യം വീണ്ടും അരക്ഷിതാവസ്ഥയി. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വ്യാപകമായി ഉയർന്നതായി റിപ്പോർട്ടുകളുണ്ട്‌. കടുത്ത ഇന്ത്യാ വിമർശകനായിരുന്നു ഹാദി. രാജ്യതലസ്ഥാനത്തെ രണ്ട്‌ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി. രാഷ്‌ട്രപിതാവ്‌ മുജീബുർ റഹ്‌മാന്റെ വീട് തകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി മൊഹമ്മദ്‌ യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അറിയിച്ചു.


ഷെയ്‌ഖ്‌ ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാറിന്റെ 15 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യംകുറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സംഘാടനത്തില്‍ മുഖ്യപങ്കുള്ള ഷെരീഫ്‌ ഉസ്‌മാൻ ബിന്‍ ഹാദിക്ക്‌ 12നാണ്‌ അജ്ഞാതരുടെ വെടിയേറ്റത്‌. സിംഗപ്പുരിൽ ചികിത്സയിലായിരുന്ന ഹാദി വ്യാഴാഴ്‌ചയാണ്‌ മരിച്ചത്‌. ഫെബ്രുവരിയില്‍ രാജ്യത്ത് പ്രഖ്യാപിച്ച പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാന്‍ ഹാദി തീരുമാനിച്ചിരുന്നു. ഹാദിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെയാണ് പലയിടത്തും അതിക്രമങ്ങളുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home