ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു; നിരവധി കുട്ടികൾ കുടുങ്ങി, 3 മരണമെന്ന് റിപ്പോർട്ട്

photo credit: X
ജക്കാർത്ത : ഇന്തോനേഷ്യയിൽ നിർമാണത്തിലിരുന്ന സ്കൂൾ കെട്ടിടം തകർന്ന് അപകടം. മുപ്പതോളം കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നൂറോളം പേർക്ക് പരിക്കേറ്റു. മൂന്ന് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ ജാവയിലെ സിഡോർജോ പട്ടണത്തിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലാണ് സംഭവം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികൾ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥന നടത്തുന്നതിനിടെയാണ് നിർമാണത്തിലിരുന്ന കെട്ടിടം കുട്ടികളുടെ മുകളിലേക്ക് മുകളിലേക്ക് തകർന്നുവീണതെന്ന് പ്രവിശ്യാ പൊലീസ് വക്താവ് ജൂൾസ് എബ്രഹാം അബാസ്റ്റ് പറഞ്ഞു. രാത്രി മുഴുവൻ നീണ്ട തെരച്ചിലിനിടെ ഗുരുതര പരിക്കുകളോടെ എട്ട് കുട്ടികളെ പുറത്തെടുത്തതായി അധികൃതർ പറഞ്ഞു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതായും വിവരമുണ്ട്. തകർന്നുകിടക്കുന്ന കോൺക്രീറ്റുകൾ വീണ്ടും ഇളകിയതോടെ രാവിലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്തുള്ള എല്ലാവരെയും ഒഴിപ്പിച്ചു. ഉച്ചയ്ക്ക് രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ഏഴ് മുതൽ പതിനൊന്ന് വരെ ക്ലാസുകളിൽ പഠിക്കുന്ന 12 നും 18 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. 2,000-ത്തിലധികം കുട്ടികളാണ് പെസാൻട്രെൻ എന്നറിയപ്പെടുന്ന ബോർഡിങ് സ്കൂളിൽ പഠിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ സ്കൂൾ സമുച്ചയത്തിൽ പതിച്ച ഒരു നോട്ടീസിൽ 65 വിദ്യാർഥികളെ കാണാതായതായി രേഖപ്പെടുത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹാരി ഉച്ചയോടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി കരുതുന്ന ആളുകളുടെ എണ്ണം 38 ആണെന്ന് പ്രഖ്യാപിച്ചു. എന്നാൽ കണക്കുകളിൽ വ്യത്യാസം വരാമെന്നും അധികൃതർ വ്യക്തമാക്കി.
കനത്ത കോൺക്രീറ്റ് സ്ലാബുകളും മറ്റ് അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയെന്ന് പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനായ നാനാങ് സിഗിറ്റ് പറഞ്ഞു. കൂടുതൽ ഉപകരണങ്ങൾ ലഭ്യമായിരുന്നുവെങ്കിലും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കനത്ത കോൺക്രീറ്റ് പാളികൾ വീണ്ടും തകരുന്നത് ആശങ്കയുളവാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഓക്സിജനും വെള്ളവും എത്തിക്കുന്നുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. കുട്ടികളുടെ പ്രാർഥന നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് പ്രാർത്ഥനയിലായിരുന്ന വിദ്യാർഥിനികൾ ഓടിമാറിയതിനാൽ കാര്യമായ പരിക്കുകളില്ലാതെ രക്ഷപെട്ടു.










0 comments