ഗ്രീൻലാൻഡിൽ ആയുധങ്ങൾ വിന്യസിച്ചാൽ യുഎസിന് തിരിച്ചടി നൽകുമെന്ന് റഷ്യ

സെർജി റിയാബ്കോവ്
മോസ്കോ: ഗ്രീൻലാൻഡിൽ ആയുധങ്ങൾ വിന്യസിക്കാനുള്ള നീക്കങ്ങളുമായി അമേരിക്ക മുന്നോട്ട് പോയാൽ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. ചൊവ്വാഴ്ച ചൈനയിലെ റഷ്യൻ എംബസിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അമേരിക്ക ഈ മേഖലയിലേക്ക് ആയുധങ്ങൾ എത്തിക്കാനോ അവരുടെ ഗോൾഡൻ ഡോം പദ്ധതി വിന്യസിക്കാനോ തീരുമാനിച്ചാൽ, അത് സൈനിക-സാങ്കേതിക പ്രതിരോധ നടപടികൾ ആവശ്യമായ ഒരു സാഹചര്യമായിരിക്കും. ഞങ്ങളുടെ വിദഗ്ധർ അതിന് പൂർണ സജ്ജരായിരിക്കും, അക്കാര്യത്തിൽ യാതൊരു സംശയവുമില്ല."- സെർജി റിയാബ്കോവ് പറഞ്ഞു.
അമേരിക്കയുമായുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' കാലാവധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് റഷ്യയുടെ പ്രതികരണം. 2010ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ഡിമിത്രി മെദ്‌വദേവും ഒപ്പിട്ട 'ന്യൂ സ്റ്റാർട്ട്' കരാറിൽ, ഇരുരാജ്യങ്ങളും വിന്യസിക്കാവുന്ന ആണവവാഹക മിസൈലുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നുണ്ട്. 2011 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന കരാർ, ജോ ബൈഡൻ അധികാരമേറ്റ ശേഷം 2021ൽ അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.
ദേശീയ സുരക്ഷാ കാരണങ്ങളെന്ന പേരിൽ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ആഗ്രഹം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഡെൻമാർക്കും ഗ്രീൻലാൻഡും മറ്റ് യൂറോപ്യൻ സഖ്യകക്ഷികളും ഇതിനെ ശക്തമായി എതിർക്കുകയാണ്. തന്റെ പദ്ധതികളെ എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത താരിഫുകൾ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.










0 comments