യുഎസുമായുള്ള ആണവായുധ ഉടമ്പടിയിൽനിന്ന് പിന്മാറി റഷ്യ

മോസ്കോ
റഷ്യയ്ക്കു സമീപം ആണവ മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെ അമേരിക്കയുമായുള്ള ആണവ ഉടമ്പടിയിൽനിന്ന് പിൻമാറി റഷ്യ. 1987ൽ യുഎസുമായി ഒപ്പുവച്ച ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് (ഐഎൻഎഫ്) കരാറിൽനിന്നാണ് റഷ്യ പിൻമാറിയത്. ഇരുരാജ്യങ്ങളും പരസ്പരം ഹ്രസ്വ–മധ്യദൂര മിസൈലുകൾ ഉപയോഗിക്കുന്നത് വിലക്കുന്നതായിരുന്നു കരാർ.
അമേരിക്ക നേരത്തെതന്നെ ഈ കരാറിൽനിന്നും പിൻവാങ്ങിയിരുന്നെങ്കിലും റഷ്യ സംയമനം തുടരുകയായിരുന്നു.സോവിയറ്റ് കാലഘട്ടത്തിലെ കരാറിൽ തുടരുന്നതിനുള്ള കാരണങ്ങൾ ഇനി അവശേഷിക്കുന്നില്ലെന്നും നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇനി പാലിക്കില്ലെന്നും റഷ്യൻ വിദേശ മന്ത്രാലയം വ്യക്തമാക്കി. കരാറനുസരിച്ച് 500 മുതൽ 5,500 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകൾ ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നത് പരസ്പരം നിരോധിച്ചിരുന്നു. 2019ൽ യുഎസ് കരാറിൽനിന്ന് പിൻമാറി. റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്റോവ് കഴിഞ്ഞ ഡിസംബറിൽ, കരാർ ഇനി പ്രായോഗികമല്ലെന്ന് വെളിപ്പെടുത്തിയിരുന്നു.









0 comments