Deshabhimani

മാക്കേകടവ് – നേരേകടവ് പാലം: വിഎസ്‌ സർക്കാർ തുടങ്ങി, പിണറായി സർക്കാർ പൂർത്തിയാക്കി

Makkekadavu Nerekadavu Bridge
വെബ് ഡെസ്ക്

Published on Oct 18, 2026, 02:57 PM | 2 min read

കേരളത്തിലെ സുപ്രധാനമായ രണ്ടു പ്രദേശങ്ങളുടെ സ്വപ്‌നം മാത്രമല്ല, തുറവൂരിൽ നിന്ന്‌ പമ്പയിലേക്ക്‌ നീളുന്ന വലിയൊരു ഗതാഗത സ്വപ്‌നമാണ്‌ യാഥാർത്ഥ്യമായത്‌. അരൂരിൽ നിന്ന്‌ വേമ്പനാട്ട്‌ കായിലിലൂടെ വൈക്കത്തേക്ക്‌ നീളുന്ന പാലം കേരളത്തിന്റെ തന്നെ ഗതാഗത സംവിധാനത്തിൽ അതിനിർണായകമായൊരു ചുവടാണ്‌. യാത്രയുടെ മാത്രമല്ല, രണ്ടു മേഖലകളുടെ വികസനത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന മഹത്തായ ദ‍ൗത്യമാണ്‌ മാക്കേകടവ് – നേരേകടവ് പാലം.


പതിറ്റാണ്ടുകൾ നീണ്ട പരശ്രമത്തിന്റെ ഫലമാണ്‌ ഇ‍ൗ പാലം. എൽഡിഎഫ്‌ സർക്കാർ തുടങ്ങി, എൽഡിഎഫ്‌ സർക്കാർ പൂർത്തിയാക്കി. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ 2006 ൽ അധികാരത്തിൽ വന്നപ്പോഴാണ്‌ തുറവൂർ– പമ്പ പാത എന്ന ആശയം ആദ്യമായി മുന്നോട്ടുകൊണ്ടുവന്നത്‌. അതിന്റെ ഭാഗമാണ്‌ മാക്കേകടവ് – നേരേകടവ് പാലം. അന്നത്തെ അരൂർ എംഎൽഎ എഎം ആരിഫ്, ചേർത്തല എംഎൽഎ പി തിലോത്തമൻ, വൈക്കം എംഎൽഎ കെ അജിത്ത് എന്നിവർ ചേർന്ന് തുറവൂർ–തൈക്കാട്ടുശ്ശേരി പാലം, മാക്കേകടവ് – നേരേകടവ് പാലം എന്നിവയ്‌ക്കു വേണ്ടിയുള്ള പ്രാഥമിക നടപടികൾക്ക്‌ തുടക്കമിട്ടു.


അന്ന്‌ ധന മന്ത്രി ഡോ. തോമസ് ഐസക്ക് ഓരോ മണ്ഡലത്തിനും ഒരു കോടി രൂപ അനുവദിച്ചതിൽ നിന്ന് 33.5 ലക്ഷം രൂപ വീതം തുല്യവിഹിതമായി മാറ്റിവെച്ച് മണ്ണ് പരിശോധന നടത്തി. നേരേകടവ്–മാക്കേകടവിന് 50 ലക്ഷവും തുറവൂർ– തൈക്കാട്ടുശ്ശേരിക്ക് 40 ലക്ഷവും നബാർഡിൽ നിന്ന് അനുമതി ലഭിക്കുകയും ചെയ്‌തു. എന്നാൽ, അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ വൈകിയതിനാൽ തുക ലാപ്സായി. വീണ്ടും കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന്‌ 2008 ൽ 151 കോടി രൂപ നബാർഡ് വായ്പ അനുവദിച്ചു. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ എ എം ആരിഫ് ഡൽഹിയിൽ എത്തി എ കെ ആന്റണിയെ നേരിൽ കണ്ടതിനെ തുടർന്ന്‌ ബജറ്റിൽ തുറവൂർ–പമ്പ പാതയ്ക്ക് 200 കോടി രൂപ അനുവദിച്ചു. അതിൽ നിന്ന് 50 കോടി രൂപ നബാർഡ് വായ്പ ഉപയോഗിച്ച്‌ തുറവൂർ–തൈക്കാട്ടുശ്ശേരി പാലം പൂർത്തിയാക്കി. 2011-–12 ബജറ്റിൽ നേരേകടവ്–മാക്കേകടവ് പാലം പ്രഖ്യാപിച്ചു. 2012 ൽ സ്ഥലം ഏറ്റെടുപ്പിന് 4.30 കോടി രൂപ ഉൾപ്പെടെ 98.09 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. 2014ൽ സാങ്കേതിക അനുമതിയും ഭൂമി ഏറ്റെടുപ്പും നടന്നു. 2015 ൽ ഡിസൈൻ ടെൻഡർ രീതിയിൽ നിർമ്മാണം നടത്താൻ സർക്കാർ തീരുമാനിച്ചു.

2016 ൽ എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റയുടൻ ടെണ്ടറായെങ്കിലും ചില കരാറുകാർ ഹൈക്കോടതിയെ സമീപിച്ചതിനാൽ കാലതാമസം വന്നു. നവംബറിൽ നിർമാണം ആരംഭിച്ചു. 2013-–2021 കാലയളവിൽ ഭൂമി ഏറ്റെടുക്കൽ തർക്കങ്ങളും കോടതി വ്യവഹാരങ്ങളും കാരണം പ്രവൃത്തി വീണ്ടും മുടങ്ങി.

ഭൂവുടമകൾ 2013-ലെ പുതിയ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിൽ അനുകൂല വിധിയുണ്ടായി. ചില സ്ഥലമുടമകൾ സ്വമേധയാ സ്ഥലം വിട്ടുതരാൻ തയ്യാറായില്ല; ചിലർ കേസിന് പോയി. തുടർന്ന് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സാധിച്ചില്ല. കായലിൽ തൂണുകളെല്ലാം പൂർത്തിയായപ്പോൾ ഹൈക്കോടതിയിലെ വ്യവഹാരംമൂലം തുടർനിർമ്മാണം നിലച്ചു. എ എം ആരിഫ് ഭൂവുടമകളുമായി പലവട്ടം ചർച്ചകൾ നടത്തി. അരൂർ മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റങ്ങളും കോവിഡ് സാഹചര്യവും സമയം അപഹരിച്ചു. 2021 ഡിസംബറിൽ വിലക്ക് ഉത്തരവ് ഹൈക്കോടതി നീക്കി. 2022 ൽ അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി റവന്യൂ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറി. 2024 ൽ ബാലൻസ് പ്രവൃത്തികൾ പൂർത്തിയാക്കാനായി കരാറുകാരൻ റേറ്റ് റിവിഷൻ ആവശ്യപ്പെട്ട് അപേക്ഷ നൽകി. അന്നത്തെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, ധന മന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ നേരിട്ട് സ്ഥലത്തെത്തി പ്രശ്നങ്ങൾ വിലയിരുത്തി. തുടർന്ന്‌ പുതുക്കിയ നിരക്ക് അനുവദിക്കുകയും നിർമ്മാണം അതിവേഗം പൂർത്തിയാകുകയും ചെയ്തു.

2026 ജനുവരിയിൽ പാലത്തിന്റെ അവസാന ഗർഡറും സ്പാനും സ്ഥാപിച്ച് പാലം മറുകര മുട്ടി. തുടർന്ന് ഡെക്ക് സ്ലാബ്, റെയ്‌ലിംഗ്, റോഡ് ഉപരിതലം, അപ്രോച്ച് റോഡ് ബന്ധിപ്പിക്കൽ തുടങ്ങിയ അവസാനഘട്ട പ്രവൃത്തികളാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോൾ അതെല്ലാം പൂർത്തിയാക്കി പാലം ജനങ്ങൾക്ക്‌ തുറന്നുകൊടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home