ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

മൈസൂരു : ദസറ ആഘോഷത്തിനിടെ കുടുംബത്തോടൊപ്പം ബലൂൺ വിൽക്കാനെത്തിയ ഒമ്പതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മൈസൂരു സിദ്ധലിംഗാപുര സ്വദേശി കാർത്തിക് (32) നെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. 2025 ഒക്ടോബർ ഏഴിനായിരുന്നു സംഭവം.
ദസറ ഗ്രൗണ്ടിൽ കുടുംബത്തോടൊപ്പം രാത്രി ഉറങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. രാവിലെ കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ കുടുംബം നടത്തിയ തിരച്ചിലിനിടെ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച കാർത്തികിനെ പൊലീസ് കാലിന് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ബസ് ക്ലീനറായി ജോലി ചെയ്തിരുന്ന ഇയാൾ മുൻപും സമാനമായ കേസിൽ പ്രതിയായിരുന്നു. 2019ൽ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോടതി ഇയാൾക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
ഈ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്. കേസിൽ വാദം പൂർത്തിയായതോടെയാണ് അതിവേഗ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.







0 comments