പെട്രോൾ കയറ്റുമതി നിര്‍ത്തി റഷ്യ; ഇന്ത്യയുമായുള്ള എണ്ണ കരാറുകളെ ബാധിക്കില്ലെന്ന് വിശദീകരണം

കൊളംബോ: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഏപ്രിൽ ഒന്നുമുതൽ പെട്രോൾ കയറ്റുമതി നിരോധിക്കാൻ റഷ്യ തീരുമാനിച്ചതെന്ന് റഷ്യൻ വിദേശകാര്യ സഹമന്ത്രി റുഡെങ്കോ ആൻഡ്രി യുറെവിച്ച്. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി നിലവിലുള്ള എല്ലാ എണ്ണ കരാറുകളും റഷ്യ പാലിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
കൊളംബോയിൽ മാധ്യമപ്രവർത്തകരുമായുള്ള ആശയ വിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് നൽകിയ താത്കാലിക ഇളവിനെത്തുടർന്ന് മാർച്ചിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് അസംസ്‌കൃത എണ്ണയാണ്. അല്ലാതെ ശുദ്ധീകരിച്ച പെട്രോളല്ല. നിലവിലെ നിരോധനം പെട്രോളിന് മാത്രമാണ് ഇപ്പോൾ ബാധകമാക്കിയിട്ടുള്ളത്.
യുദ്ധ സാഹചര്യത്തിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് 2026 ഏപ്രിൽ 1 മുതൽ ഗ്യാസോലിൻ (പെട്രോൾ) കയറ്റുമതി നിരോധിക്കാൻ റഷ്യ തീരുമാനിച്ചത്. നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയുമായുള്ള മുൻകാല കരാറുകളിൽ മാറ്റമുണ്ടാകില്ലെന്ന പ്രഖ്യാപനം ലഭ്യത ഉറപ്പാക്കും എന്ന പ്രതീക്ഷയാണ് നൽകുന്നത്. പ്രാഥമിക വിവരം അനുസരിച്ച് ഈ നിരോധനം 2026 ജൂലൈ 31 തുടരാനാണ് സാധ്യത.
സെപ്തംബറിൽ പുടിൻ ഇന്ത്യയിൽ
2026 സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യൻ വിദേശകാര്യ സഹമന്ത്രി റുഡെങ്കോ ആൻഡ്രി യുറെവിച്ച് പറഞ്ഞു. നിലവിൽ പ്രസിഡന്റ് പുടിന്റെ സന്ദർശനത്തിന് തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, പശ്ചിമേഷ്യയിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് ഉച്ചകോടി സമയത്തെ സാഹചര്യം കൂടി വിലയിരുത്തേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു.










0 comments