പ്രകോപിപ്പിച്ച് യുഎസ്, തിരിച്ചടിച്ച് ഇറാൻ
print edition കുവൈത്ത് നടുങ്ങി

കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ വീണ് തീപിടിച്ചപ്പോൾ
അനസ് യാസിൻ
Published on Jun 04, 2026, 01:38 AM | 1 min read
മനാമ : ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്‌ത്തി കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാനമായ സൈനിക താവളം ഖ്യൂഷം ദ്വീപിൽ അമേരിക്ക നടത്തിയ ഏകപക്ഷീയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ കുവൈത്തിലും ബഹ്‌റൈനിലും ഒരേസമയം ആക്രമണം നടത്തിയത്. സംഘർഷം പശ്ചിമേഷ്യയിലെ ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാരെ ആശങ്കയിലാക്കി.
ബുധൻ പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിന് കേടുപാടുകളുണ്ടായി. ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. യാത്രാവിമാനങ്ങൾ സമീപ രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു. ഗുരുതര പരിക്കേറ്റ ഏഴുപേരെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കി. ചിതറിത്തെറിച്ച മിസൈൽ, ഡ്രോൺ അവശിഷ്‌ടങ്ങളേറ്റാണ് പലർക്കും പരിക്ക്.
ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാൻ എംബസിയിലെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ കുവൈത്ത് വിദേശമന്ത്രാലയം ആവശ്യപ്പെട്ടു. ഇറാൻ എംബസി ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറി.
ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ മൂന്ന് മിസൈലും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബിഡിഎഫ്) ജനറൽ കമാൻഡ് അറിയിച്ചു. ജനവാസ മേഖലകളിൽ പതിക്കാതെ അന്തരീക്ഷത്തിൽ വച്ചുതന്നെ തകർക്കുകയായിരുന്നു.
ഖ്യൂഷം ദ്വീപ് ലക്ഷ്യമിട്ടത് കൂടാതെ ഇറാന്റെ എണ്ണ ടാങ്കറും അമേരിക്ക ആക്രമിച്ചതാണ് പ്രത്യാക്രമണത്തിന് ഇറാനെ പ്രേരിപ്പിച്ചത്. നയതന്ത്ര ഭാഷയെക്കാൾ മിസൈലിന്റെ ഭാഷയാണ് അമേരിക്കയ്‌ക്ക് വേഗം മനസ്സിലാകുകയെന്ന് ഇറാൻ പാർലമെന്ററി സമിതി വക്താവ് പ്രതികരിച്ചു. കുവൈത്തിലെ യുഎസ് താവളങ്ങൾക്കും ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയുടെ ആസ്ഥാനത്തിനും നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർ അറിയിച്ചു. യുഎസുമായുള്ള വെടിനിർത്തൽ ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. ആക്രമണത്തെയും ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതിനെയും കേന്ദ്ര വിദേശകാര്യമന്ത്രാലയം അപലപിച്ചു. പൗരരുടെ സുരക്ഷയ്‌ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.










0 comments