print edition യുദ്ധനിഴലില്‍ റംസാന്‍ ; പ്രതിസന്ധിയിൽ ഈദ് വിപണി

ദുബായ്
സുഖകരമായ കാലാവസ്ഥയിലാണ് ഇത്തവണ ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ എത്തിയത്. സാധാരണഗതിയിൽ ഇഫ്താറുകളും രാത്രി സുഹൂര്‍ വരെ നീളുന്ന ഗബ്കകളും സൗഹൃദ വിരുന്നുകളും ഒക്കെയായി സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന മാസം. പ്രവാസികളും സ്വദേശികളും പള്ളികളില്‍ ഒത്തുചേര്‍ന്ന് നോമ്പ് തുറക്കുന്നതും വിഭവങ്ങള്‍ പങ്കുവെക്കുന്നതും പ്രവാസി സംഘടനകള്‍ ഒരുക്കുന്ന ഇഫ്താര്‍ വിരുന്നുകളും ഗള്‍ഫിലെ മനോഹരമായ കാഴ്‌ചകള്‍.
ഈ സമാധാനാന്തരീക്ഷത്തിലേക്കാണ് പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ എരിയുന്ന കനലുകള്‍ മിസൈലുകളായും ഡ്രോണുകളായും പതിച്ചത്. പരിഭ്രാന്തിയും ഭീതിയുമാണിവിടെ മുഴങ്ങുന്നത്.
ശനിയാഴ്‌ച ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ തുടങ്ങിയ ആക്രമണം ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചു. പെട്ടെന്ന് അവസാനിക്കുമെന്ന് കരുതിയ സംഘര്‍ഷം ദീർഘിച്ചതോടെ പ്രവാസികളുടെ സ്വസ്‌ഥത നശിപ്പിച്ചു. പതിവ് ആഘോഷങ്ങളുടെ താളംതെറ്റിച്ചു.
ഗള്‍ഫിലുടനീളം പ്രവാസി സംഘടനകള്‍ നടത്താനിരുന്ന ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കികൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ കൂടി ചേരുന്നതായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ അതിന് അനുമതിയും നല്‍കുകയില്ല.
സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളിലും തറാവീഹ് നമസ്‌കാരത്തിന്റെ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സൗദിയിലെ മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ തറാവീഹ് നമസ്‌കാരം പത്ത് റകഅത്തുകളും തുടര്‍ന്ന് മൂന്ന് വിത്‌റും എന്ന രീതിയിലാണിപ്പോള്‍. പ്രാർഥനകളുടെ ദൈര്‍ഘ്യം കുറച്ച് കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ഇമാമുമാര്‍ക്ക് നിര്‍ദേശം നല്‍കി. ബഹ്‌റൈനില്‍ സുന്നി എന്‍ഡോവ്‌മെന്റ് ഡയറക്‌ടറേറ്റ് ജനറല്‍ തറാവീഹ് നമസ്‌കാരം പരമാവധി 25 മിനിറ്റിൽ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടു.
യുദ്ധസാഹചര്യം ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ബിസിനസ് മേഖലയെയാണ്. സജീവമായിരുന്ന മാളുകളെയും കടകളെയും യുദ്ധം ഉലച്ചു. പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് കോടികൾ നിക്ഷേപിച്ച മലയാളികളടക്കമുള്ള വ്യാപാരികള്‍ അനിശ്ചിതത്വത്തിലായി. വിതരണ ശൃംഖലയിലുണ്ടായ തടസ്സം കാരണം ഈദ് വില്‍പനയ്‌ക്കായി എത്തേണ്ട വസ്‌ത്രങ്ങളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കെട്ടിക്കിടക്കുന്നു. സാധനങ്ങള്‍ വിറ്റ് പോകാത്ത അവസ്ഥ. മാളുകളിലും ചന്തകളിലും തിരക്ക് ഗണ്യമായി കുറഞ്ഞു. ആളുകള്‍ പണം കരുതിവെക്കാനും അത്യാവശ്യ സാധനങ്ങള്‍ മാത്രം വാങ്ങാനും താല്പര്യപ്പെടുന്നത് മലയാളികളടക്കമുള്ള കച്ചവടക്കാരെ ബാധ്യതയിലേക്ക് തള്ളിവിടുന്നു. ആഘോഷങ്ങളുടെ പൊലിമ കുറയുന്നതിനൊപ്പം വിമാന സര്‍വീസുകളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടി ചേരുമ്പോള്‍ ഇത്തവണത്തെ പ്രവാസി ജീവിതം മ്ലാനമായി തുടരുന്നു.











0 comments