print edition ലെബനനിലെ വൈദികർക്ക് മാർപാപ്പയുടെ വീഡിയോ കോൾ

ബെയ്റൂത്ത്: ഇസ്രയേൽ അതിർത്തിയോട് ചേർന്നുള്ള തെക്കൻ ലബനനിലെ വൈദികരെ വീഡിയോ കോളിലൂടെ അഭിസംബോധനചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ബുധനാഴ്ച രാവിലെ വത്തിക്കാൻ അംബാസഡർ ആർച്ച് ബിഷപ്പ് പൗലോ ബോർജിയ വിളിച്ചുചേർത്ത ഓൺലൈൻ കൂടിക്കാഴ്ചയ്ക്കിടയിലാണ് പാപ്പ അപ്രതീക്ഷിതമായി എത്തിച്ചേർന്നത്.
ഇസ്രയേലി ആക്രമണത്തിൽ ആശങ്കയുടെ നിഴലിൽ കഴിയുന്ന 13 വൈദികരോട് സംസാരിക്കവേ, സമാധാനം ഉടൻ കൈവരുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഫ്രഞ്ച് ഭാഷയിലാണ് പോപ്പ് സംസാരിച്ചത്.
അതിർത്തി ഗ്രാമമായ യാറൂനിലെ കത്തോലിക്കാ മഠം ഇസ്രയേൽ സൈന്യം തകർത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സൈന്യം ബോധപൂർവ്വം ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം തകർക്കുകയായിരുന്നുവെന്ന് വൈദികരും പ്രാദേശിക ഭരണകൂടവും ആരോപിച്ചു.
ദെബെൽ ഗ്രാമത്തിൽ ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേൽ സൈനികൻ കോടാലി ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
കഴിഞ്ഞ വർഷം മെയിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലിയോ പതിനാലാമൻ തന്റെ ആദ്യ വിദേശപര്യടനത്തിൽതന്നെ ലെബനനിൽ എത്തിയിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സന്ദർശനം. ലെബനനിലെ 50 ലക്ഷം ജനസംഖ്യയിൽ മൂന്നിലൊന്ന് ക്രൈസ്തവ വിശ്വാസികളാണ്.










0 comments