ഒക്‌ലഹോമ വെടിവയ്പ്; 18 വയസുകാരനായ പ്രതി അറസ്റ്റിലായതായി പൊലീസ്

വീഡിയോ സ്ക്രീന്‍ഷോട്ട്
എഡ്മണ്ട്: യുഎസിലെ ഒക്‌ലഹോമയിലുണ്ടായ വെടിവയ്പിൽ 18 വയസുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഒക്‌ലഹോമ സിറ്റിക്ക് സമീപം ലേക്ക് സൈഡ് പാർട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഒക്ലഹോമ സിറ്റിയുടെ പ്രാന്തപ്രദേശമായ എഡ്മണ്ടിലെ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാർടിക്കിടെയുണ്ടായ തർക്കത്തിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് വിവരം. മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കുറ്റം കൊലപാതക കുറ്റമായി ഉയർത്തുമെന്നും എഡ്മണ്ട് പൊലീസ് മേധാവി ജെ ഡി യംഗർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒക്‌ലഹോമ സിറ്റിയുടെ വടക്ക് ഭാഗത്തുള്ള പ്രശസ്തമായ ബോട്ടിംഗ്, മീൻപിടുത്ത- നീന്തൽ കേന്ദ്രമായ അർക്കാഡിയ തടാകക്കരയിലാണ് പാർടിക്കിടെ വെടിവയ്പുണ്ടായത്. 'സൺഡേ ഫൺഡേ' എന്ന പരിപാടിക്കിടെയാണ് അക്രമം നടന്നത്. 18 വയസുള്ള യുവതി കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറ് പേർ 15 വയസിൽ താഴെയുള്ളവരാണെന്ന് എഡ്മണ്ട് യംഗർ പറഞ്ഞു.
ഒക്ലഹോമ സിറ്റി പ്രദേശത്തുനിന്നുള്ള ധാരാളം യുവജനങ്ങൾ പാർടിയിൽ പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയ വഴി പാർടിയെപ്പറ്റിയുള്ള വിവരങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നതിനാൽ നിരവധി പേർ പാർടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. പാർടിയിൽ വലിയ ശബ്ദം ഉണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
ഗൺ വയലൻസ് ആർക്കൈവിൻ്റെ കണക്കുകൾ പ്രകാരം ഈ വർഷം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 131-ാമത്തെ മാസ് ഷൂട്ടിങ്ങാണിത്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അർക്കാഡിയ തടാകത്തിന് സമീപമുണ്ടായ ഈ അക്രമം പ്രദേശവാസികളെ വലിയ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.










0 comments