ഇന്തോനേഷ്യയിൽ കപ്പൽ മറിഞ്ഞ് അപകടം; കാണാമറയത്ത് 129 പേർ, അന്വേഷണം തുടരുന്നു

ജക്കാർത്ത : ഇന്തോനേഷ്യയിലെ കപ്പൽ അപകടത്തിൽ കാണാതായ 129 പേർക്കായി തിരച്ചിൽ തുടരുന്നു. ജാവ കടലിൽ യാത്രക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിലാണ് 129 പേരെ കാണാതായത്. 243 പേരുമായി സഞ്ചരിച്ച വിർഗോ ട്രാൻസ്പോർട് എന്ന കപ്പൽ മോശം കാലാവസ്ഥയെത്തുടർന്നാണ് അപകടത്തിൽപ്പെട്ടത്.
കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ദക്ഷിണ കലിമന്താനിലെ ബൻജർമാസിനിലേക്ക് ശനിയാഴ്ചയാണ് കപ്പൽ പുറപ്പെട്ടത്. യാത്രയ്ക്കിടെ മോശം കാലാവസ്ഥയെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ രണ്ടോടെ കപ്പലുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടിരുന്നു. ബൻജർമാസിനിലെ ബാസിരിഹ് കടവിൽ നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ അവസാനമായി കണ്ടെത്തിയത്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം കപ്പൽ ഓപ്പറേറ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കപ്പൽ മറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
108 പേരെ രക്ഷപ്പെടുത്തി. ആറുപേർ മരിച്ചതായും ഇന്തോനേഷ്യയുടെ ദേശീയ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു. 622 രക്ഷാപ്രവർത്തകരെയും 12 കപ്പലുകളെയും തെരച്ചിലിന് വിന്യസിച്ചിട്ടുണ്ട്. എന്നാൽ കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം അണ്ടർവാട്ടർ റെസ്ക്യൂ സംഘത്തെ വിന്യസിക്കാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ബൻജർമാസിനിലെ കമാൻഡ് സെന്ററിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.
ശക്തമായ തിരമാല കപ്പലിന്റെ ഒരുഭാഗത്ത് ഇടിച്ചതിനെ തുടർന്ന് കപ്പൽ ഒരു വശത്തേക്ക് ചെരിഞ്ഞെന്നും പിന്നീട് പൂർണമായി മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം. 500 യാത്രക്കാരെ വരെ കൊണ്ടുപോകാൻ ശേഷിയുള്ള കപ്പലാണെന്നും അതിനാൽ യാത്രക്കാരുടെ എണ്ണം കൂടിയതല്ല അപകടകാരണമെന്നും ഇന്തോനേഷ്യൻ ഗതാഗതമന്ത്രി ഡുഡി പുർവഗന്ധി വ്യക്തമാക്കി










0 comments