പീഡന കേസ്: തെഹൽക സ്ഥാപകൻ തരുൺ തേജ്പാൽ കോടതിയിൽ കീഴടങ്ങി

പനാജി: ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാൽ ഗോവയിലെ മാപുസ കോടതിയിൽ കീഴടങ്ങി. കേസിൽ തേജ്പാലിന് പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ബോംബെ ഹൈക്കോടതി ശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ കോടതി അദ്ദേഹത്തോട് നിർദ്ദേശിക്കുകയായിരുന്നു.
2013ലായിരുന്നു കേസിന് ആസ്പദമായ സംഭവം. 2021ൽ ഗോവ വിചാരണ കോടതി തരുണിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധി റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി തരുണിനെ കുറ്റക്കാരനെന്ന് വിധിച്ചത്.
2013 നവംബറിൽ തെഹൽക്ക മാസികയുടെ തിങ്ക്ഫെസ്റ്റ് പരിപാടിക്കിടെ ഗോവയിലെ ഒരു റിസോർട്ടിന്റെ ലിഫ്റ്റിൽ വച്ച് സ്ഥാപനത്തിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജംസന്ദേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തരുൺ കുറ്റകക്കാരനെന്ന് കണ്ടെത്തിയത്.
ദിവസങ്ങളോളം നീണ്ടുനിന്ന വാദം കേൾക്കലുകൾക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. തനിക്ക് ഇപ്പോൾ 62 വയസായെന്നും തന്നെ കേസിൽ മനപ്പൂർവം കുടുക്കിയതാണെന്നും കരുണ കാണിക്കണമെന്നും തരുൺ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.








0 comments