ഇത് ഞെട്ടിക്കുമോ? രാഹുൽ സദാശിവന്റെ 'ഒടിയന്' ഔദ്യോഗിക തുടക്കം

കൊച്ചി: നിഗൂഢതകൾ നിറഞ്ഞ പുതിയ രൂപത്തിൽ രാഹുൽ സദാശിവൻ ഒരുക്കുന്ന 'ഒടിയൻ' സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഇന്ന് നടന്നു. 'റെഡ് റെയ്ൻ', 'ഭൂതകാലം', 'ഭ്രമയുഗം', 'ഡീയസ് ഈറെ' എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള നാടോടിക്കഥകളെയും നിഗൂഢതകളെയും അടിസ്ഥാനമാക്കിയാണ് പുതിയ ഒടിയൻ ഒരുങ്ങുന്നത്.
ഇന്ത്യൻ സിനിമയിലെ മുൻനിര ചലച്ചിത്ര നിർമ്മാണ കമ്പനിയായ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്ന ചിത്രം കൂടിയാണ് 'ഒടിയൻ'. പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി കൈകോർത്താണ് 'ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ' എന്ന ബിഗ് ബജറ്റ് ചിത്രമാണ് ധർമ്മ പ്രൊഡക്ഷൻസ് നിർമിക്കുന്നത്.
കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം ഒരുക്കുന്നത്. മലയാള സിനിമയുടെ വേറിട്ട കഥപറച്ചിൽ ശൈലിയോടുള്ള ആദരവാണ് ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ധർമ്മ പ്രൊഡക്ഷൻസ് മേധാവി കരൺ ജോഹർ പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമായ ഒടിയന്റെ കഥ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ, ഐതിഹ്യങ്ങളും മിത്തുകളും നാടോടിക്കഥകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. ഹാരിസ് ദേശം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രത്തിന്റെ വാർത്താപ്രചരണം നിർവഹിക്കുന്നത് ഹെയിൻസ് ആണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.








0 comments