പവർകട്ടിൽ വരുമാനം കട്ടായി; ചെറുകിട വ്യവസായം അത്യാസന്ന നിലയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട വ്യവസായങ്ങളുടെ നടുവൊടിച്ച് കറന്റ്‌കട്ട്. യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ സംസ്ഥാനത്ത് അപ്രതീക്ഷിത പവർകട്ട് തുടർക്കഥയായതോടെ ചെറുകിട വ്യവസായം തകർന്നടിയുകയാണ്.
നിലനിൽപ്പുതന്നെ അപകടത്തിലായതോടെ ചെറുകിട വ്യവസായത്തിനുകീഴിൽ വരുന്ന സ്ഥാപനങ്ങൾ വരുമാനം നഷ്ടപ്പെട്ട് അതീവഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. അരി പൊടിക്കുന്ന മില്ലുകൾ, ഐസ് ഫാക്‌ടറികൾ, പ്ലൈവുഡ് ഫാക്ടറികൾ, പ്ലാസ്‌റ്റിക്–ഫർണിച്ചർ നിർമാണ യൂണിറ്റുകൾ, ഗാർമെന്റ്‌സ്, ബേക്കറികൾ, പുട്ടുപൊടി, അച്ചാർ, മറ്റ് ചെറുപലഹാരങ്ങൾ, വെളിച്ചെണ്ണ തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്ന– നിർമാണ സംസ്‌കരണ യൂണിറ്റുകൾ തുടങ്ങി ചെറുകിട വ്യവസായ മേഖലയിലെ ഉൽപാദനം വലിയ തോതിലാണ് കുറഞ്ഞത്. വിദേശത്തേക്ക് ഉൾപ്പെടെ സാധനങ്ങൾ സമയബന്ധിതമായി കയറ്റിയയക്കാൻ കഴിയാതെ വരുന്നതും ഓർഡർ നഷ്ടമാകുന്നതും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇത് ചെറുകിട സ്ഥാപനങ്ങൾക്ക് താങ്ങാൻ കഴിയുന്നതല്ല.
വ്യവസായം മോശമായിരിക്കുമ്പോഴാണ് ഇരുട്ടടിയായി വൈദ്യുതി പ്രതിസന്ധിയെത്തിയതെന്ന് ചെറുകിട വ്യവസായ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ മുത്തോടം ദേശാഭിമാനിയോട് പറഞ്ഞു. അപ്രതീക്ഷതമായി പവർകട്ടിൽ യന്ത്രങ്ങൾ ഉൾപ്പെടെ നശിച്ചു പോവുകയാണ്. അര മണിക്കൂർ കഴിഞ്ഞ് കറന്റ് വന്നാലും വീണ്ടും മെഷീൻ ചൂടാകാൻ മണിക്കൂറുകൾ പ്രവർത്തിപ്പിക്കണം. മുന്നറിയിപ്പില്ലാതെ നാല് തവണ കറന്റു പോകുമ്പോൾ മെഷീനുകൾ ഇരട്ടയിലധികം സമയം അധികം വർക്ക് ചെയ്യണം. ഇത് അധികച്ചെലവും ഉൽപ്പന്ന നഷ്‌ടവുമാണ്.
കഴിഞ്ഞ പത്ത് വർഷം ഇത്തരത്തിൽ പവർകട്ട് ഉണ്ടായിരുന്നില്ല. വൈദ്യുതി നിയന്ത്രണങ്ങൾ ഉള്ളപ്പോൾ കൃത്യമായി വിവരം ലഭിച്ചിരുന്നു. വ്യവസായികൾക്ക് ആവശ്യമായ ക്രമീകരണം നടത്താൻ സാധിച്ചു. പവർകട്ട് തുടർച്ചയായതോടെ പല നേരങ്ങളിലും ജോലിക്കാർ പണിയില്ലാതെ ഇരിക്കുകയാണ്. രാവിലത്തെ ഷിഫ്റ്റിൽ മാത്രം ജോലിയെടുപ്പിക്കേണ്ട അവസ്ഥയാണ്. ഓവർ ടൈം ലഭിക്കാത്തതോടെ അന്യസംസ്ഥാന തൊഴിലാളികൾ പലരും തിരിച്ചു പോയി. ഇതോടെ വലിയ വ്യവാസായികളോട് മത്സരിക്കാൻ പറ്റാത്തെ ചെറുകിട മേഖല പൂട്ടേണ്ട അവസ്ഥവയായി. മൂന്ന് മാസം കൊണ്ട് ചെറുകിട വ്യവസായ മേഖല അത്യാസന്ന നിലയിലായി. ഇത്തരത്തിൽ തുടർന്നാൽ ചെറുകിട മേഖല തകരുമെന്നും അനിൽ മുത്തോടം പറഞ്ഞു.









0 comments