ad
Deshabhimani

ഏഷ്യൻ ഗെയിംസിന് തിരിച്ചടിയായി താമസസൗകര്യ ക്ഷാമം; അതൃപ്തി വ്യക്തമാക്കി ദക്ഷിണ കൊറിയൻ താരം

ASian games 2026
വെബ് ഡെസ്ക്

Published on Sep 14, 2026, 02:04 PM | 1 min read

സിയോൾ : ജപ്പാനിൽ ഈ ആഴ്ച ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലെ താമസസൗകര്യങ്ങളുടെ നിലവാരത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ദക്ഷിണ കൊറിയൻ ബാസ്കറ്റ്ബോൾ താരം ബ്യോൺ ജൂൺ-ഹ്യോങ്. താമസിക്കുന്ന താൽക്കാലിക കണ്ടെയ്‌നർ മുറിയിലെ ചോർന്ന സിങ്കിന്റെയും വെള്ളം കെട്ടിക്കിടക്കുന്ന തറയുടെയും ദൃശ്യങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സഹായം അഭ്യർഥിച്ചു.


ഗെയിംസിൽ താമസസൗകര്യങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നതായി ദക്ഷിണ കൊറിയൻ ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കി. നഗോയയിലും ഐചി മേഖലയിലുമായി നടക്കുന്ന ഗെയിംസിൽ താരങ്ങൾക്കായി പ്രത്യേക അത്‌ലറ്റ്സ് വില്ലേജ് ഒരുക്കിയിട്ടില്ല. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ക്രൂയിസ് കപ്പൽ, താൽക്കാലിക വുഡൻ കണ്ടെയ്‌നർ താമസസൗകര്യങ്ങൾ, ഹോട്ടലുകൾ എന്നിവയാണ് സംഘാടകർ ഉപയോഗിക്കുന്നത്.


17,000ത്തിലേറെ താരങ്ങളും ഉദ്യോഗസ്ഥരും ഗെയിംസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏകദേശം 2,000 താരങ്ങളും ഉദ്യോഗസ്ഥരും താമസിക്കാനിരിക്കുന്നതാണ് താൽക്കാലിക കണ്ടെയ്‌നർ മുറികളിൽ. താമസസൗകര്യങ്ങളുടെ കുറവ് ദക്ഷിണ കൊറിയൻ സംഘത്തിന് മാത്രമല്ല, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കും നേരിടേണ്ടിവരുന്നുണ്ടെന്ന് കൊറിയൻ സ്പോർട്സ് ആൻഡ് ഒളിമ്പിക് കമ്മിറ്റി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.


ഫിലിപ്പീൻസ് സംഘത്തിലെ എല്ലാ താരങ്ങൾക്കും താമസസൗകര്യം ലഭിച്ചിട്ടുണ്ടെങ്കിലും ചില പരിശീലകരെയും ഉദ്യോഗസ്ഥരെയും വിവിധ ഹോട്ടലുകളിലേക്കും എയർബിഎൻബി വഴിയുള്ള താമസസൗകര്യങ്ങളിലേക്കും മാറ്റിയതായി ഫിലിപ്പീൻസ് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ടൊലെന്റിനോ പറഞ്ഞു.


ഇറ്റാലിയൻ ക്രൂയിസ് കപ്പലായ കോസ്റ്റ സെറീന ചൊവ്വാഴ്ച നഗോയയിലെത്തും. 4,000 മുതൽ 5,000 വരെ താരങ്ങൾ കപ്പലിൽ താമസിക്കും. നീന്തൽ, ഡൈവിങ്, കുതിരയോട്ടം തുടങ്ങിയ മത്സരങ്ങൾ നടക്കുന്ന ടോക്കിയോ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളിലായിരിക്കും മറ്റുള്ളവരുടെ താമസം.


കഴിഞ്ഞയാഴ്ച റെക്കോഡ് മഴയെ തുടർന്ന് നഗോയയിലെ താമസസ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് താരങ്ങളെ താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home