സംസ്ഥാനത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു; കുട്ടികളടക്കം നിരവധി മരണങ്ങൾ

തൃശൂർ : സംസ്ഥാനത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. വിവിധ ജില്ലകളിലായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവിധ അപകടങ്ങളിൽ കുട്ടികളടക്കം നിരവധി പേരാണ് മരിച്ചത്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, നിയന്ത്രണം വിട്ട വാഹനങ്ങൾ എന്നിവയാണ് അപകടങ്ങളിൽ പലതിന്റെയും കാരണം.
തൃശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചതാണ് ഒടുവിലുണ്ടായ ദുരന്തങ്ങളിലൊന്ന്. മൂന്ന് വയസുകാരിയും അപകടത്തിൽ മരിച്ചിരുന്നു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ച സംഭവത്തിലും ഗുരുതര സുരക്ഷാവീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്.
മൂത്തകുന്നം മുതൽ തളിക്കുളം വരെയുള്ള 43 കിലോമീറ്റർ പാതയിൽ നടത്തിയ പരിശോധനയിലാണ് ദേശീയപാത അതോറിറ്റിയുടെയും നിർമാണ കരാർ കമ്പനിയുടെയും ഭാഗത്തുനിന്നുള്ള വീഴ്ചകൾ കണ്ടെത്തിയത്. ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ, അലർട്ട് സ്ട്രിപ്പുകൾ, സുരക്ഷാ ബാരിക്കേഡുകൾ എന്നിവയുമായി ബന്ധപ്പെട്ട പോരായ്മകളും പരിശോധനയിൽ കണ്ടെത്തി. റൂട്ട് പട്രോളിങ് സംവിധാനം പുനരാരംഭിക്കാനും വീഴ്ചകൾ പരിഹരിക്കാനും കരാർ കമ്പനി ഉറപ്പ് നൽകി.
കൊല്ലം ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. രണ്ട് വയസുകാരി ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. കണ്ണൂർ കൂടാളിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേരും, മലപ്പുറം താനൂരിലും തിരുവനന്തപുരം വിതുരയിലും ഉണ്ടായ അപകടങ്ങളിലും ഓരോ മരണവും റിപ്പോർട്ട് ചെയ്തു.
തുടർച്ചയായ അപകടങ്ങൾക്കിടെ റോഡ് സുരക്ഷയും വാഹന പരിശോധനയും കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. അമിതവേഗം നിയന്ത്രിക്കുന്നതിനൊപ്പം സിഗ്നൽ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും ട്രാഫിക് നിയമലംഘനങ്ങൾക്കെതിരായ പരിശോധന ശക്തമാക്കുകയും വേണം. അനധികൃത പാർക്കിങ് നിയന്ത്രിക്കുന്നതിനൊപ്പം അപകടസാധ്യതയുള്ള മേഖലകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കേണ്ടതുണ്ട്.









0 comments