സുഡാനിൽ ആശുപത്രിയിൽ അർധസൈനിക വിഭാഗത്തിന്റെ ആക്രമണം; 10 മരണം

മാർച്ചിൽ സുഡാനിലെ പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം. photo credit:X
കയ്റോ : സുഡാനിലെ അർധസൈനിക വിഭാഗങ്ങൾ ആശുപത്രിയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാജ്യത്തിന്റെ തെക്കൻ- മധ്യ ഭാഗത്തുള്ള ആശുപത്രിക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സുഡാനീസ് അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ്) വൈറ്റ് നൈൽ പ്രവിശ്യയിലെ അൽ-ജബലൈൻ ആശുപത്രിക്ക് നേരെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും ഒരു ഓപ്പറേഷൻ തിയേറ്ററും പ്രസവ വാർഡും തകർത്തതായും ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറഞ്ഞു.
സൈന്യവും ആർഎസ്‌എഫും തമ്മിലുള്ള യുദ്ധത്തിന് പിന്നാലെയുണ്ടായ ഏറ്റവും പുതിയ ആക്രമണമാണിത്. ഏഴ് മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പ്രദേശത്തുനിന്നും 80 കിലോമീറ്റർ അകലെയുള്ള കോസ്റ്റിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറഞ്ഞു.
2023 ഏപ്രിലിൽ സൈന്യവും ആർഎസ്‌എഫും തമ്മിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിനു ശേഷം സുഡാനിലെ ആരോഗ്യ സംവിധാനങ്ങൾക്കെതിരെ ആക്രമണങ്ങൾ വ്യാപകമായിരുന്നു. ഈ പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ് ഇന്നുണ്ടായത്. യുദ്ധം ആരംഭിച്ചതിനുശേഷം ആരോഗ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് 200ലധികം ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മാർച്ചിൽ പറഞ്ഞു. ഏറ്റവും ഒടുവിൽ, കഴിഞ്ഞ മാസം സുഡാനിലെ പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ ഒരു ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 കുട്ടികളടക്കം 70 പേർ കൊല്ലപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം സുഡാനിൽ ഏകദേശം മൂന്ന് വർഷമായി നടന്ന സംഘർഷത്തിൽ 40,000ത്തിലധികം പേർ കൊല്ലപ്പെട്ടു. എന്നാൽ യഥാർത്ഥ സംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്ന് മാനുഷിക സംഘടനകൾ പറയുന്നു. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ നടക്കുന്നതിനിടെയാണ് ആശുപത്രിയിൽ ആക്രമണം ഉണ്ടായതെന്നും ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറഞ്ഞു.
വൈറ്റ് നൈൽ പ്രവിശ്യയുടെ തലസ്ഥാന നഗരമായ റബാക്കിലെ ഒരു മെഡിക്കൽ സപ്ലൈ ഡിപ്പോയെയും ആക്രമണങ്ങൾ ലക്ഷ്യമിട്ടതായി പ്രാദേശിക സംഘടനയായ എമർജൻസി ലോയേഴ്‌സ് വ്യാഴാഴ്ച പറഞ്ഞു. മാർച്ച് മുതൽ സൗത്ത് കോർഡോഫാൻ, ബ്ലൂ നൈൽ, ഈസ്റ്റ്, സെൻട്രൽ, സൗത്ത് ഡാർഫർ പ്രവിശ്യകളിൽ ഡ്രോൺ ആക്രമണങ്ങൾ വ്യാപകമായതോടെ ഇവിടങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചതായി എമർജൻസി ലോയേഴ്‌സ് പറഞ്ഞു.
യുദ്ധ സാഹചര്യങ്ങൾ നിരീക്ഷിക്കുന്ന പ്രാദേശിക ഗ്രൂപ്പായ സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്ക്, ആക്രമണത്തെ അപലപിച്ചു. രാജ്യത്ത് ഇതിനകം തന്നെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യ മേഖലയെ കൂടുതൽ മോശം അവസ്ഥയിലേക്ക് ആക്രമണം തള്ളിവിടുന്നുവെന്നും സംഘടന പറഞ്ഞു. ആശുപത്രികൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ആർഎസ്‌എഫിനോടും എസ്‌എഎഫിനോടും ആവശ്യപ്പെടുന്നതായും ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറഞ്ഞു.










0 comments