പലസ്തീൻ ഫുട്ബോൾ തലവന് യുഎസ് വിസ നിഷേധിച്ചു; ലോകകപ്പിൽ വിസ വിവാദം ശക്തമാകുന്നു

Photo Credit:Palestine Olympic Committee
മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് കടക്കാൻ അനുമതി ലഭിക്കാതെ പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ജിബ്രിൽ റജൂബ് മെക്സിക്കോയിൽ തുടരുന്നു.
ഫിഫയുടെ ഔദ്യോഗിക അംഗീകാരമുള്ള പ്രതിനിധിയായിട്ടും യുഎസ് വിസ അനുവദിക്കാത്തതിനെ തുടർന്ന് അദ്ദേഹം നിലവിൽ മെക്സിക്കോ സിറ്റിയിൽ തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച മെക്സിക്കോ സിറ്റിയിൽ നടന്ന മെക്സിക്കോ - ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരത്തിൽ പങ്കെടുത്ത ശേഷമാണ് റജൂബ് വിസ പ്രതിസന്ധിയിലായത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രതിനിധികളെയും കായികപ്രേമികളെയും ഒന്നിപ്പിക്കുന്ന ലോകകപ്പ് വേദിയിൽ, രാഷ്ട്രീയ കാരണങ്ങളാൽ വിസ നിഷേധിക്കുന്നത് ഒട്ടും നീതിയുക്തമല്ലെന്ന് ജിബ്രിൽ റജൂബ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പലസ്തീൻ ടീം ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിലും, ഫിഫയുടെ പരമ്പരാഗത കീഴ്വഴക്കമനുസരിച്ച് എല്ലാ ദേശീയ ഫുട്ബോൾ അസോസിയേഷൻ തലവന്മാർക്കും ടൂർണമെന്റിലേക്ക് ക്ഷണം ലഭിക്കാറുണ്ട്.
യുഎസിന്റെ കടുത്ത വിസ നടപടികൾ കാരണം ബുദ്ധിമുട്ടുന്ന ഒരേയൊരു പ്രതിനിധി ജിബ്രിൽ റജൂബ് മാത്രമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഫിഫ തിരഞ്ഞെടുത്ത സൊമാലിയയിൽ നിന്നുള്ള റഫറിക്കും, ഇറാഖ് ടീമിനൊപ്പം സഞ്ചരിച്ച ഫോട്ടോഗ്രാഫർക്കും യുഎസ് വിസ നിഷേധിച്ചതായി റിപ്പോർട്ടുകളുണ്ട്.
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്കും ആരാധകർക്കും ലോകകപ്പ് വേദികളിലേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുമെന്ന് കഴിഞ്ഞ വർഷം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, വിസ അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം അതത് രാജ്യങ്ങളുടെ ഭരണകൂടങ്ങൾക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ ലീഗുകളിൽ കളിക്കുന്ന നിയമവിരുദ്ധ കുടിയേറ്റ മേഖലകളിലെ ടീമുകൾക്കെതിരെ ഫിഫ നടപടിയെടുക്കണമെന്ന് അന്താരാഷ്ട്ര തലത്തിൽ ശക്തമായി വാദിക്കുന്ന പ്രമുഖ രാഷ്ട്രീയ-കായിക വ്യക്തിത്വമാണ് ജിബ്രിൽ റജൂബ്.
ഗാസയിലെ യുദ്ധം പലസ്തീന്റെ കായിക അടിസ്ഥാന സൗകര്യങ്ങളെയും താരങ്ങളെയും ദോഷകരമായി ബാധിച്ച സാഹചര്യത്തിൽ യുഎസിന്റെ ഈ വിസ നിയന്ത്രണം കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. അതേസമയം, റജൂബിന് വിസ നിഷേധിച്ച വിഷയത്തിൽ പ്രതികരിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.










0 comments