Deshabhimani

പാക് മാധ്യമപ്രവർത്തക വീട്ടിൽ വെടിയേറ്റ് മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

Rabia Ahsan
വെബ് ഡെസ്ക്

Published on Nov 09, 2026, 04:49 PM | 1 min read

റാവൽപിണ്ടി: പാകിസ്താനി മാധ്യമപ്രവർത്തകയും ടിവി അവതാരകയുമായ റാബിയ അഹ്സാൻ സ്വന്തം വീട്ടിൽ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ ഭർത്താവ് അഹ്സാൻ താഹിറിനെ റാവൽപിണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ റാവൽപിണ്ടിയിലെ ഗുൽഷനാബാദിലുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് 41കാരിയായ റാബിയ വെടിയേറ്റു മരിച്ചത്. ഈ സമയം അവരുടെ അമ്മയും സഹോദരിയും വീടിന്റെ മുറ്റത്തായിരുന്നു. വെടിയൊച്ച കേട്ട് മുറിയിലേക്ക് ഓടിയെത്തിയ സഹോദരി അൽവീന, റാബിയ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഭർത്താവ് അഹ്സാൻ താഹിർ കയ്യിൽ പിസ്റ്റളുമായി അവിടെ നിൽക്കുന്നുണ്ടായിരുന്നു.


റാബിയയുടെ കഴുത്തിന് താഴെയും മുതുകിന്റെ വലതുഭാഗത്തുമായി രണ്ട് വെടിയേറ്റ മുറിവുകൾ കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് പിസ്റ്റളും വെടിയുണ്ടകളും പഞ്ചാബ് ഫൊറൻസിക് സയൻസ് അതോറിറ്റി കണ്ടെടുത്തു. അബദ്ധത്തിലാണ് വെടിപൊട്ടിയതെന്ന് ഭർത്താവ് പറഞ്ഞതായി വീട്ടിലെ വേലക്കാരൻ പൊലീസിന് മൊഴി നൽകി. എന്നാൽ ആയുധത്തിന് സാധുവായ ലൈസൻസ് ഹാജരാക്കാൻ അഹ്സാൻ താഹിറിന് കഴിഞ്ഞില്ല.


സംഭവത്തിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പെൺകുട്ടികളുടെ അമ്മയായ റാബിയ അഹ്സാൻ '92 ന്യൂസ്' ചാനലിലാണ് പ്രവർത്തിച്ചിരുന്നത്. ഭർത്താവ് അഹ്സാൻ താഹിർ ഓവർസീസ് പാകിസ്താനീസ് ഫൗണ്ടേഷനിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home