പാകിസ്ഥാനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേറാക്രമണം; 12 മരണം

ഇസ്ലാമബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഡേര ഇസ്മായിൽ ഖാൻ ജില്ലയിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 12 മരണം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചെക്ക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം.
സ്‌ഫോടനത്തിന് പിന്നാലെ വെടിയൊച്ചകളും കേട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും വഴിയാത്രക്കാരുമാണ് കൊല്ലപ്പെട്ടവരിൽ അധികവും. പൊലീസ് ഉദ്യോഗസ്ഥർ, കസ്റ്റംസ് വിഭാഗം ജീവനക്കാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
പാകിസ്താൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരു സംഘടനകളും മുന്നോട്ട് വന്നിട്ടില്ല.
ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൻഖ്വ, പഞ്ചാബ് എന്നീ പ്രവിശ്യകൾ സംഗമിക്കുന്ന പ്രദേശത്താണ് ഡേര ഇസ്മായിൽ ഖാൻ സ്ഥിതി ചെയ്യുന്നത്. ചരക്കുനീക്കം കൂടുതലായി നടക്കുന്ന പ്രദേശമായതിനാൽ പൊലീസ് ചെക്‌പോസ്റ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെയും പാകിസ്ഥാൻ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുന്ന ചെക്‌പോസ്റ്റായതിനാൽ അവരെ ലക്ഷ്യമിട്ടാകണം ആക്രമണമെന്നാണ് നിഗമനം.









0 comments