സൗഹൃദത്തിൽനിന്ന് തുറന്ന യുദ്ധത്തിലേക്ക്
print edition പാക് – അഫ്‌ഗാൻ സംഘർഷം : അഞ്ഞൂറിലധികം മരണം

അഫ്ഗാനിസ്ഥാനിലെ ടോർഖാമിൽ പാക് അതിർത്തിയിൽ താലിബാൻ സെെനികർ
ഇസ്ലാമാബാദ്/കാബൂൾ
പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തുറന്ന യുദ്ധത്തിൽ. അഫ്ഗാനിസ്ഥാൻ അതിർത്തിയിലും തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 274 അഫ്‌ഗാൻ താലിബാൻകാർ കൊല്ലപ്പെട്ടു. 400 പേർക്ക് പരിക്കേറ്റു.
പാകിസ്ഥാന്റെ 12 സൈനികർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം 55 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്നും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്നും താലിബാൻ വക്താവ് പറഞ്ഞു.
തുറന്ന യുദ്ധം
അതിർത്തിസംഘർഷങ്ങളെതുടർന്ന് പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തുറന്ന യുദ്ധത്തിൽ. കഴിഞ്ഞദിവസം പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി അഫ്‌ഗാനിസ്ഥാൻ വ്യാഴാഴ്‌ച രത്രി പാക് അതിർത്തിയില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തുറന്ന യുദ്ധത്തിലേക്ക് കടന്നത്. അഫ്ഗാന്‍ അതിർത്തിയിലും കാബൂൾ മേഖലയിലും പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ വൻനാശനഷ്‌ടം. 274 അഫ്‌ഗാൻ താലിബാൻകാരരെ കൊലപ്പെടുത്തിയതായും 400 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടു. പാകിസ്ഥാന്റെ 12 സൈനികർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. 55 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്നും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്നും താലിബാൻ അവകാശപ്പെട്ടു.
പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യവും തുറന്ന യുദ്ധത്തിലാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അഫ്‌ഗാനിസ്ഥാനെതിരായ പാകിസ്ഥാൻ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി വിദേശമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു. പാകിസ്ഥാന്റെ ആഭ്യന്തര പരാജയങ്ങളെ പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള മറ്റൊരു ശ്രമമാണിത്. അഫ്ഗാനിസ്ഥാന്റെ പരമാധികാരം, ഭൂപ്രദേശത്തിന്റെ അഖണ്ഡത, സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള പിന്തുണ ഇന്ത്യ ആവർത്തിക്കുന്നതായും കുറിപ്പിൽ പറഞ്ഞു.
സംഘർഷത്തെ തുർക്കിയ, ഇറാൻ, ഖത്തർ, സൗദി, ബ്രിട്ടൻ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് മിഷൻ പ്രതികരിച്ചു.
സൗഹൃദത്തിൽനിന്ന് തുറന്ന യുദ്ധത്തിലേക്ക്
സൗഹൃദത്തിലായിരുന്ന പാകിസ്ഥാനും താലിബാനും ശത്രുക്കളായത് മേഖലയിലെ സമാധാനം തകർക്കുകയാണ്. അഫ്‌ഗാനിസ്ഥാനിൽ ഭരണം പിടിച്ചതടക്കം താലിബാന്റെ തിരിച്ചുവരവ് മേഖലയിൽ തങ്ങളുടെ ശക്തി വർധിപ്പിക്കുമെന്നാണ് പാകിസ്ഥാൻ കരുതിയത്. പാകിസ്ഥാന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടാണ് താലിബാൻ കരുക്കൾ നീക്കിയത്.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്‌ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോൾ, അഫ്ഗാനികൾ ഒടുവിൽ "അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു" എന്നാണ് അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശേഷിപ്പി ച്ചത്.
ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ഡ്യൂറാൻഡ് ലൈനാണ് സംഘർഷത്തിന്റെ കേന്ദ്രബിന്ദു. 1893-ൽ ബ്രിട്ടീഷ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സ്ഥാപിച്ച 2,640 കിലോമീറ്റർ അതിർത്തിയാണ് ഡ്യുറാൻഡ് ലൈൻ. 1973-ലെ രാജഭരണകൂടത്തിന്റെ തകർച്ചയ്ക്ക് ശേഷം വന്ന ഒരു അഫ്ഗാൻ സർക്കാരും ഈ അതിർത്തി അംഗീകരിച്ചിട്ടില്ല. താലിബാനും ഈ അതിർത്തി അംഗീകരിക്കാൻ തയ്യാറല്ല.










0 comments