കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ പുതിയ സിഎഫ്ഒയെ നിയമിച്ച് ഒറാക്കിൾ

ടെക്സാസ് : കൂട്ടപ്പിരിച്ചുവിടൽ വിവാദങ്ങൾക്കു പിന്നാലെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ (സിഎഫ്ഒ) നിയമിച്ച് പ്രമുഖ അമേരിക്കൻ ഐടി കമ്പനിയായ ഒറാക്കിൾ. ഹിലരി മാക്സണാണ് കമ്പനിയുടെ പുതിയ സിഎഫ്ഒ. ഫ്രഞ്ച് വ്യാവസായിക കമ്പനിയായ ഷ്നൈഡർ ഇലക്ട്രിക്കിൽ നിന്നാണ് 48 കാരിയായ മാക്‌സൺ ഒറാക്കിളിലേക്ക് എത്തുന്നത്. ഷ്നൈഡറിൽ ഗ്രൂപ്പ് സിഎഫ്‌ഒ ആയിരുന്നു ഹിലരി. ഹിലരി ഉടൻ തന്നെ ഒറാക്കിളിൽ ചേരുമെന്ന് കമ്പനി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് സർവീസസ് എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്താൻ കമ്പനി ഒരുങ്ങുന്നതിനു പിന്നാലെയാണ് പുതിയ നിയമനം. എഐ ഇൻഫ്രാസ്ട്രക്ചറിനായി കോടിക്കണക്കിന് തുക കടമെടുക്കാൻ ഒറാക്കിൾ ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ നിയമനം.
ഇന്ത്യയിൽ 12000 പേരെ ഉൾപ്പെടെ ആഗോളതലത്തിൽ മുപ്പതിനായിരത്തോളം ജീവനക്കാരെയാണ് മാർച്ച് ആദ്യം കമ്പനി പിരിച്ചുവിട്ടത്. ലോകമെമ്പാടുമുള്ള ഓഫീസുകളിൽ നിന്നായി മാർച്ച് 31 ന് രാവിലെ 6 മണിക്കാണ് ഇമെയിൽ വഴി പിരിച്ചുവിട്ട വിവരം ജീവനക്കാരെ ഒറാക്കിൾ അറിയിച്ചത്. നിർമിതബുദ്ധി സാങ്കേതികവിദ്യയിലേക്ക് കൂടുതൽ ചുവടുമാറ്റം നടത്തുന്നതിന്റെ കൂടി ഭാഗമായാണ് പിരിച്ചുവിടൽ. ആഗോള സാമ്പത്തിക മാന്ദ്യം, നിർമിത ബുദ്ധ സാങ്കേതികവിദ്യയുടെ വളർച്ച, കമ്പനികളുടെ ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി ടിസിഎസ്, ഇൻഫോസിസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളും കൂട്ടിപ്പിരിച്ചുവിടലുകൾ നടത്തിയിരുന്നു.










0 comments