ad
Deshabhimani

133 മരണം, സൈനിക കേന്ദ്രങ്ങൾ തകര്‍ത്തു

തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാൻ, കാബൂളും കാണ്ഡഹാറും ആക്രമിച്ചു

aff
വെബ് ഡെസ്ക്

Published on Feb 27, 2026, 12:01 PM | 2 min read

ഇസ്ലാമാബാദ്:അഫ്ഗാനിസ്ഥാനുമായി ഇനി തുറന്ന യുദ്ധമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്ന ക്രോസ്-ബോർഡർ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രഖ്യാപനം. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളിൽ തങ്ങളുടെ ക്ഷമ അവസാനിച്ചെന്നും ഇനി ഇരു രാജ്യങ്ങൾക്കുമിടയിൽ തുറന്ന യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.


സമൂഹമാധ്യമമായ എക്സിലെ തന്റെ പോസ്റ്റിലാണ് പ്രതിരോധ മന്ത്രിയുടെ പ്രകോപനപരമായ പരാമർശം.നാറ്റോ സേന പിൻവാങ്ങിയതിന് ശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വ്യക്തമാക്കി. എന്നാൽ,ആ പ്രതീക്ഷയെല്ലാം തെറ്റിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണങ്ങൾ തുടരുകയാണെന്നും യുദ്ധ പ്രഖ്യാപനത്തിൽ ആരോപിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി ജനങ്ങളും സൈന്യവും എപ്പോഴും സജ്ജരാണെന്ന് പ്രഖ്യാപിച്ചു.


സൈനിക കേന്ദ്രങ്ങൾ തകര്‍ത്തു


അഫ്ഗാൻ താലിബാന്റെ അതിർത്തി പാകിസ്ഥാൻ നടത്തിയ വൻ പ്രത്യാക്രമണത്തിൽ 133ലധികം താലിബാൻ സൈനികര്‍ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആക്രമണം ആരംഭിച്ചു. 'ഓപ്പറേഷൻ ഗസബ്-ഇ-ലിൽ ഹഖ്' (കോപം,ദൈവത്തിന്റെ മാർഗത്തിൽ) എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയിൽ അഫ്ഗാനിസ്ഥാനിലെ നിരവധി സൈനിക കേന്ദ്രങ്ങൾ തകർത്തതായി പാകിസ്ഥാൻ അവകാശപ്പെട്ടു. കാബൂളും കാണ്ഡഹാറും ആക്രമണ ലക്ഷ്യമായി.


അഫ്ഗാൻ താലിബാൻ നിരവധി അതിർത്തി പോസ്റ്റുകൾ ആക്രമിച്ചതിനെ തുടർന്നാണ് പാകിസ്ഥാൻ ഈ ശക്തമായ നടപടിക്ക് ഒരുങ്ങിയതെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി മുഹമ്മദ് ആസിഫ്ന്യായീകരിച്ചു. ആക്രമണത്തിൽ കുറഞ്ഞത് 27താലിബാൻ പോസ്റ്റുകൾ പൂർണമായും തകർക്കുകയും ഒൻപത് പോസ്റ്റുകൾ പാകിസ്ഥാൻ പിടിച്ചെടുക്കുകയും ചെയ്തു.


രണ്ട് കോർപ്സ് ആസ്ഥാനങ്ങൾ,മൂന്ന് ബ്രിഗേഡ് ആസ്ഥാനങ്ങൾ,രണ്ട് വൻകിട വെടിക്കോപ്പ് ശേഖരണ കേന്ദ്രങ്ങൾ,ഒരു ലോജിസ്റ്റിക് ബേസ്,മൂന്ന് ബറ്റാലിയൻ ആസ്ഥാനങ്ങൾ,രണ്ട് സെക്ടർ ആസ്ഥാനങ്ങൾ എന്നിവയും 80ലധികം ടാങ്കുകൾ,പീരങ്കികൾ,കവചിത വാഹനങ്ങൾ എന്നിവയും നശിപ്പിച്ചതായും മന്ത്രി വിശദീകരിച്ചു.


Related News

സർക്കാർ ചാനലായ പിടിവി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം,കാബൂൾ,കന്ദഹാർ,പാക്തിയ എന്നിവിടങ്ങളിലെ താലിബാന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങളാണ് പാകിസ്ഥാൻ വ്യോമസേന ലക്ഷ്യമിട്ടത്. കാബൂളിലെ രണ്ട് ബ്രിഗേഡ് ആസ്ഥാനങ്ങളും കന്ദഹാറിലെ ഒരു കോർപ്സ് ആസ്ഥാനവും ഒരു ബ്രിഗേഡ് ആസ്ഥാനവും ആക്രമണത്തിൽ തകർന്നു.

അഫ്ഗാൻ അതിർത്തിയിൽ നിന്നുണ്ടായ ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പരസ്പരം സ്ട്രൈക്കുകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ തുറന്ന യുദ്ധത്തിലേക്ക് കടന്നത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ അവഗണിച്ചാണ് പോരാട്ടം. പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയിൽ ഖത്തറിന്റെ മധ്യസ്ഥതയെക്കുറിച്ചോ വെടിനിർത്തലിനെക്കുറിച്ചോ ഒരു പരാമർശവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


wr


അതിർത്തി പ്രദേശങ്ങളിൽ സംഘർഷം രൂക്ഷമായതോടെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇനിയുള്ള കാലം തുറന്ന യുദ്ധമാണെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന,മേഖലയിൽ കൂടുതൽ അസ്ഥിരതയ്ക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചും അയൽ രാജ്യങ്ങളുടെ പോരാട്ടം നിര്‍ണ്ണായകമാണ്. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാര്‍ എന്നിവിടങ്ങളിലെല്ലാം ഭരണപരമായ അനിശ്ചിതത്വം തുടര്‍ച്ചയായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home