യുഎഇയുടെ പിന്മാറ്റത്തിന് പിന്നാലെ ഒപെക് പ്ലസ് യോഗം; പ്രതിദിന ഉൽപ്പാദനം വർധിപ്പിക്കും

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File
റിയാദ് : പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണ വിപണി കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ ഉൽപ്പാദനത്തിൽ നേരിയ വർധനവ് വരുത്താൻ ഒപെക് പ്ലസ് രാജ്യങ്ങൾ ധാരണയിലെത്തി. ജൂൺ മാസത്തിൽ പ്രതിദിന ഉൽപ്പാദന ലക്ഷ്യം 1,88,000 ബാരലായി ഉയർത്താനാണ് ഏഴ് പ്രമുഖ രാജ്യങ്ങൾ തത്വത്തിൽ സമ്മതിച്ചത്. തുടർച്ചയായ മൂന്നാം മാസമാണ് ഉൽപ്പാദനത്തിൽ വർധനവ് പ്രഖ്യാപിക്കുന്നത്.
യുദ്ധം അവസാനിച്ചാലുടൻ വിതരണം സാധാരണ നിലയിലാക്കാൻ തങ്ങൾ സജ്ജമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ഒപെക്കിന്റെ ഈ നീക്കം. യുഎഇ കഴിഞ്ഞ ആഴ്ച കൂട്ടായ്മയിൽ നിന്ന് പുറത്തുപോയെങ്കിലും ഉൽപ്പാദന ലക്ഷ്യം ഉയർത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, അൾജീരിയ, കസാക്കിസ്ഥാൻ, റഷ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഞായറാഴ്ച യോഗം ചേർന്ന് നിർണായക തീരുമാനമെടുത്തത്.
ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാത്തത് വലിയ വെല്ലുവിളിയാണ്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയെ പശ്ചിമേഷ്യൻ യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്. കടലിടുക്ക് തുറന്നാൽ പോലും വിതരണം പൂർണതോതിലാകാൻ മാസങ്ങളെടുക്കുമെന്ന് എണ്ണക്കമ്പനി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഉൽപ്പാദന വർധനവ് കേവലം പ്രതീകാത്മകമായി തുടരാനാണ് സാധ്യത.
വിതരണ ശൃംഖലയിലെ തടസങ്ങൾ കാരണം ഈ ആഴ്ച എണ്ണവില ബാരലിന് 125 ഡോളറിന് മുകളിൽ എത്തിയിട്ടുണ്ട്. ഇത് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. വരും മാസങ്ങളിൽ വിമാന ഇന്ധനത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുമെന്നും ഇത് ആഗോള പണപ്പെരുപ്പം കുതിച്ചുയരാൻ കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒപെക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മാർച്ച് മാസത്തിൽ ഉൽപ്പാദനത്തിൽ 7.70 ദശലക്ഷം ബാരലിന്റെ കുറവുണ്ടായിട്ടുണ്ട്. കയറ്റുമതി നിലച്ചതോടെ സൗദി അറേബ്യയും ഇറാഖുമാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. യുഎഇ പിന്മാറിയതോടെ 21 അംഗങ്ങളുള്ള കൂട്ടായ്മയായി ഒപെക് പ്ലസ് മാറിയെങ്കിലും വിപണിയിലെ തങ്ങളുടെ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അംഗരാജ്യങ്ങൾ.











0 comments