print edition എണ്ണ വിപണി വൻ പ്രതിസന്ധിയിൽ

ദോഹ : ഇറാനെതിരെ യുഎസ്– ഇസ്രയേൽ സഖ്യത്തിന്റെ കടന്നാക്രമണം പത്താം ദിവസവും തുടരുമ്പോള്‍ ആഗോള എണ്ണ വിപണി വൻ പ്രതിസന്ധിയിൽ. ഹോർമുസ് കടലിടുക്ക് അടച്ചത് ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ബാരലിന് 65–-67 ഡോളർ നിരക്കിലായിരുന്ന ബ്രെന്റ് ക്രൂഡ് വില നിലവിൽ 94 ഡോളറിന് മുകളിലായി. ഒരു ഘട്ടത്തിൽ വിലയിൽ 13 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. എണ്ണവില 100 ഡോളർ കടന്നാൽ ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ആശങ്കയുണ്ട്.
നിലവിൽ ഏകദേശം രണ്ടുകോടി ബാരൽ എണ്ണയാണ് ഹോർമുസ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളും ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചതും ഊർജ്ജ വിപണിയിലെ പ്രതിസന്ധി ഇരട്ടിയാക്കി. ലോകത്തെ പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനത്തോളം ഇതോടെ നിലച്ചു.
പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യ, ചൈന തുടങ്ങിയ ഇറക്കുമതിയെ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളെയാണ്.
ഇന്ത്യ എണ്ണ ആവശ്യത്തിന്റെ വലിയൊരു ഭാഗം പശ്ചിമേഷ്യയിൽ നിന്നാണ് വാങ്ങുന്നത്. എണ്ണവിലയിലുണ്ടാകുന്ന ഓരോ 10 ശതമാനം വർധനവും രാജ്യത്തെ പണപ്പെരുപ്പത്തിൽ 0.2 ശതമാനത്തോളം വർധനവിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
യുഎസ് വിപണിയിലും വിലക്കയറ്റം രൂക്ഷമാണ്. വാതക വില ഗാലന് 4 ഡോളറിന് മുകളിൽ എത്തിയത് ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ട്. സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്ന് ഖത്തർ ഊർജ്ജ മന്ത്രാലയവും വിവിധ അന്താരാഷ്ട്ര ഏജൻസികളും മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ച് പ്രതിസന്ധി മറികടക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിലെ തടസ്സം നീങ്ങാതെ ആഗോള വിപണിയിലെ അസ്ഥിരത പരിഹരിക്കപ്പെടില്ല.
ബംഗ്ലാദേശിൽ ഇന്ധനത്തിന് റേഷന്‍
ധാക്ക :
പശ്ചിമേഷ്യയിലെ യുദ്ധം ഊർജ പ്രതിസന്ധി രൂക്ഷമാക്കിയതിനെത്തുടർന്ന് ബംഗ്ലാദേശ് ഇന്ധനവിതരണത്തിന് റേഷന്‍ സമ്പ്രദായം ഏർപ്പെടുത്തി. ദേശീയ എണ്ണക്കമ്പനിയായ ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ ആണ് വാഹനങ്ങൾക്കുള്ള ഇന്ധന വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ പെട്രോൾ പമ്പുകളിൽ എണ്ണയടിക്കാനായി വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. മോട്ടോർ സൈക്കിളിന് രണ്ട് ലിറ്ററും കാറിന് പത്തുലിറ്ററും ഇന്ധനമാണ് പരമാവധി ലഭിക്കുക. ഇന്ധനം പൂഴ്‌ത്തിവയ്‌ക്കുന്നതും കൂടുതൽ വാങ്ങിക്കൂട്ടുന്നതും പതിവായതായി റിപ്പോർട്ടുണ്ട്. 17 കോടി ജനങ്ങളുള്ള ബംഗ്ലാദേശിന്റെ എണ്ണ, വാതക ആവശ്യത്തിന്റെ 95 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ധനം അടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം ഒരാളുടെ ജീവനെടുത്തു.
ശനി രാത്രി ജെനൈദയിൽ ഇന്ധനം അടിക്കുന്നതിനെച്ചൊല്ലി പമ്പ് ജീവനക്കാരുമായുണ്ടായ തർക്കത്തിലാണ് 25-കാരനായ നീരബ് ഹൊസൈൻ കൊല്ലപ്പെട്ടത്. നീരബിന്റെ മരണത്തിന് പിന്നാലെ രോഷാകുലരായ ജനക്കൂട്ടം മൂന്ന് ബസ്സുകൾക്ക് തീയിടുകയും ഒരു പെട്രോൾ പമ്പ് അടിച്ചുതകർക്കുകയും ചെയ്‌തു. ഇന്ധനക്ഷാമം കാരണം രാജ്യത്തെ ആറ് വളം നിർമാണ ഫാക്‌ടറികളിൽ അഞ്ചെണ്ണവും ഇൗമാസം 18 വരെ അടച്ചിട്ടു.
പാകിസ്ഥാനിലെ ലാഹോറിലും ഇന്ധനം വാങ്ങാനെത്തിയവർ തമ്മിൽ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടു.










0 comments