വെനസ്വേലയിലെ അമേരിക്കൻ നടപടി യുദ്ധസമാനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും; വിമർശിച്ച് മംദാനി

ന്യൂയോർക്ക്: വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയെയും തടവിലാക്കിയ അമേരിക്കൻ നടപടി യുദ്ധസമാനമെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. വിഷയത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി നേരിട്ട് സംസാരിച്ച് എതിർപ്പ് രേഖപ്പെടുത്തിയതായി മംദാനി പറഞ്ഞു. ഒരു പരമാധികാര രാഷ്ട്രത്തിനെതിരെയുള്ള ഏകപക്ഷീയമായ ആക്രമണമാണിതെന്നും യുദ്ധസമാനമാണിതെന്നും മംദാനി പ്രതികരിച്ചു. ന്യൂയോർക് മേയറായി മംദാനി ചുമതലയേറ്റതിന്റെ രണ്ടാം ദിനമാണ് വെനസ്വേലയിൽ യുഎസ് ആക്രമണം നടത്തിയത്. ബന്ദിയാക്കിയ മഡുറോയേയും ഭാര്യയെയും ഇന്ന് പകൽ ന്യൂയോർക്കിലെത്തിച്ചു. ഇവിടെവച്ച് ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് ട്രംപ് പറഞ്ഞത്.
"ഈ നടപടിയോടുള്ള എന്റെ എതിർപ്പ് രേഖപ്പെടുത്താൻ പ്രസിഡന്റിനെ വിളിച്ച് നേരിട്ട് സംസാരിച്ചു. ഭരണമാറ്റത്തിനായുള്ള നഗ്നമായ ശ്രമമാണിത്. ന്യൂയോർക്ക് നിവാസികളെയും നഗരത്തിൽ താമസിക്കുന്ന വെനിസ്വേലക്കാർ ഉൾപ്പെടെയുള്ള വരെയും സാരമായി ബാധിക്കുന്ന നടപടിയാണിത്. ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധപ്രവൃത്തിയും ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്"- പത്രസമ്മേളനത്തിൽ മംദാനി പറഞ്ഞു.
"ഭരണമാറ്റത്തിനായുള്ള ഈ നഗ്നമായ ശ്രമം വിദേശത്തുള്ളവരെ മാത്രമല്ല, ഈ നഗരത്തെ സ്വന്തം വാസസ്ഥലമായി കരുതുന്ന പതിനായിരക്കണക്കിന് വെനിസ്വേലക്കാർ ഉൾപ്പെടെയുള്ള ന്യൂയോർക്ക് നിവാസികളെയും നേരിട്ട് ബാധിക്കുന്നു. എന്റെ ശ്രദ്ധ അവരുടെ സുരക്ഷയിലും ഓരോ ന്യൂയോർക്കുകാരന്റെയും സുരക്ഷയിലുമാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയും മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് തുടരും- മംദാനി കൂട്ടിച്ചേർത്തു.
ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലാണ് മഡുറോയെയും ഫ്ലോറസിനെയും തടവിലാക്കിയതെന്ന് യുഎസ് അറ്റോർണി ജനറൽ പമേല ബോണ്ടി എക്‌സ് പോസ്റ്റിൽ പറഞ്ഞിരുന്നു. മയക്കുമരുന്ന് കടത്ത്, ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, ആയുധക്കടത്ത് എന്നീ കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.










0 comments