ad
Deshabhimani

ഹന്റാ വൈറസിന് പിന്നാലെ നോറോ വൈറസും; കരീബിയൻ ക്രൂസിൽ നൂറിലധികം പേർക്ക് രോഗലക്ഷണം

Caribbean Princess cruise-Cruise Mapper

'നോറോ വൈറസ്' ബാധ റിപ്പോർട്ട് ചെയ്ത കരീബിയൻ പ്രിൻസസ് ക്രൂസ് | Photo Credit: Cruise Mapper

വെബ് ഡെസ്ക്

Published on May 11, 2026, 01:13 PM | 2 min read

ഫ്ലോറിഡ : ഹന്റാ വൈറസ് ഭീതി ഒഴിയും മുൻപേ കരീബിയൻ ക്രൂസ് കപ്പലിൽ 'നോറോ വൈറസ്' ബാധ റിപ്പോർട്ട് ചെയ്തു. ഫ്ലോറിഡയിൽ നിന്ന് പുറപ്പെട്ട 'കരീബിയൻ പ്രിൻസസ്' കപ്പലിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഏജൻസികൾ ഹന്റാ വൈറസിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.


സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം കപ്പലിലുണ്ടായിരുന്ന 3,116 യാത്രക്കാരിൽ 102 പേർക്കും 13 ജീവനക്കാർക്കുമാണ് രോഗബാധയേറ്റത്. ഛർദ്ദിയും വയറിളക്കവുമാണ് രോഗികളിൽ പ്രധാനമായും കണ്ടുവന്ന ലക്ഷണങ്ങളെന്നും നോറോവൈറസ് തന്നെയാണ് ഇതിന് കാരണമായതെന്നും ഏജൻസി സ്ഥിരീകരിച്ചു.


ഏപ്രിൽ 28-ന് ആരംഭിച്ച് മെയ് 11-ന് അവസാനിക്കുന്ന കരീബിയൻ ക്രൂസിന്റെ യാത്രക്കിടയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. കപ്പൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന് വടക്ക് ഭാഗത്താണെന്നും അവിടെനിന്ന് ബഹാമസിലെ നസൗവിലേക്ക് യാത്രയിലാണെന്നും ക്രൂയിസ് മാപ്പർ റിപ്പോർട്ട് ചെയ്യുന്നു.


രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും യാത്ര തുടരുന്നത് കപ്പലിനുള്ളിലെ പ്രതിരോധ നടപടികൾ എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യമുയർത്തുന്നുണ്ട്. യാത്രയുടെ അവസാന ദിനങ്ങളിൽ നസൗവിൽ എത്തുമ്പോഴേക്കും കൂടുതൽ ആളുകളിലേക്ക് വൈറസ് പടാരാതിരിക്കാനുള്ള കടുത്ത ജാഗ്രതയിലാണ് അധികൃതർ.


ഛർദ്ദി, വയറിളക്കം, ഓക്കാനം, വയറുവേദന എന്നിവയാണ് നോറോ വൈറസ് ബാധിതരിൽ കണ്ടുവരുന്ന പ്രാഥമിക ലക്ഷണങ്ങൾ. അതിവേഗം പടരുന്ന ഈ വൈറസിനെ "വിന്റർ വോമിറ്റിംഗ് ബഗ്" എന്നും വിളിക്കാറുണ്ട്. മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഇത് പ്രധാനമായും പകരുന്നത്. രോഗബാധയുള്ളവർ സ്പർശിച്ച പ്രതലങ്ങളിലൂടെയും വൈറസ് മറ്റുള്ളവരിലേക്ക് എത്തും. ലക്ഷണങ്ങൾ മാറിയ ശേഷവും രോഗവാഹകരുടെ ശരീരത്തിൽ വൈറസ് സാന്നിധ്യം ഉണ്ടാകും. അതിനാൽ കപ്പലുകൾ പോലുള്ള അടഞ്ഞ ചുറ്റുപാടുകളിൽ രോഗനിയന്ത്രണം അങ്ങേയറ്റം പ്രയാസകരമാണ്.


ഹന്റാവൈറസ് പ്രധാനമായും എലികളിലൂടെ പകരുന്നതാണ്. ശ്വാസകോശത്തെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നത്. അതേസമയം നോറോ വൈറസ് (Norovirus) ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പടരുന്നത്. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ഛർദ്ദിയും വയറിളക്കവുമാണ്.


കടുത്ത ചൂടിനെയും തണുപ്പിനെയും അതിജീവിക്കാനും സാധാരണ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളെ പ്രതിരോധിക്കാനും നോറോ വൈറസിന് ശേഷിയുണ്ട്. അതിനാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നതാണ് ഏറ്റവും ഫലപ്രദമായ മാർ​ഗമെന്ന് ഐസിഎംആർ (ICMR) ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. പ്രായമായവരിലും കുട്ടികളിലും രോഗം ഗുരുതരമായ നിർജ്ജലീകരണത്തിന് കാരണമായേക്കാം.


ക്രൂയിസ് കപ്പലുകളിലെ ഈ ആരോഗ്യ വെല്ലുവിളികൾ വിദേശയാത്ര പ്ലാൻ ചെയ്യുന്നവർക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. കപ്പലുകൾ അണുവിമുക്തമാക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ കമ്പനികൾ സ്വീകരിക്കുന്നുണ്ടെങ്കിലും രോഗവ്യാപനം തടയുക എന്നത് വലിയ വെല്ലുവിളിയായി തുടരുന്നു. ഹന്റാവൈറസിനു പിന്നാലെ മറ്റൊരു ക്രൂസിൽ നോറോ വൈറസ് സ്ഥിരീകരണവും വന്നത് വിനോദസഞ്ചാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയേക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home