പർവ്വതാരോഹകരിലെ ഇതിഹാസത്തിന് അന്ത്യം; നിർമൽ പുർജ ഹിമപാതത്തിൽ വിടവാങ്ങി

നിർമൽ പുർജ| Photo Credit:India Today
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ പാക്കിസ്ഥാനിലെ ഗിൽഗിത് ബാൾട്ടിസ്ഥാനിലുള്ള ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ പ്രശസ്ത നേപ്പാളി പർവ്വതാരോഹകൻ നിർമൽ പുർജ (43) മരിച്ചതായി സ്ഥിരീകരിച്ചു.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നിർമൽ പുർജയെയും സംഘത്തിലുണ്ടായിരുന്നവരെയും കാണാതായിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ പർവ്വതാരോഹണ ഏജൻസിയായ 'എലൈറ്റ് എക്സ്പെഡ്' ആണ് ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചത്.
അമേരിക്ക, ചൈന,ഒമാൻ,നേപ്പാൾ,പാക്കിസ്ഥാൻ എന്നി രാജ്യങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 8051 മീറ്ററുമായി ഉയരത്തിൽ ലോകത്തിൽ 12-ാം സ്ഥാനമുള്ള കൊടുമുടിയാണ് ബ്രോഡ് പീക്ക്. 6600 മീറ്റർ ഉയരത്തിൽ വ്യഴാഴ്ച അർധരാത്രി ഉണ്ടായ മഞ്ഞിടിച്ചിലിലാണ് പർവതാരോഹക സംഘം പെട്ടത്.
നിർമൽ പുർജയായിരുന്നു പർവ്വതാരോഹണ സംഘത്തെ നയിച്ചത്. അദ്ദേഹവുമായുള്ള ആശയവിനിമയം അപകടത്തെത്തുടർന്ന് പൂർണ്ണമായും നഷ്ടമായിരുന്നു. നിർമൽ പുർജ ബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്സിലെ മുൻ അംഗമായിരുന്നു.
നിർമൽ പുർജയുടെ പേരിലാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ 14 കൊടുമുടികൾ ഏറ്റവും വേഗത്തിൽ കീഴടക്കിയതിന്റെ റെക്കോർഡ്. നെറ്റ്ഫ്ലിക്സ് നിർമ്മിച്ച '14 Peaks: Nothing Is Impossible' എന്ന ഡോക്യുമെന്ററി ഇദ്ദേഹത്തിന്റെ റെക്കോർഡ് നേട്ടത്തെ ആസ്പദമാക്കിയായിരുന്നു. ഈ ഡോക്യുമെന്ററി ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.










0 comments